ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ വിവാദ പ്രസംഗവുമായി മുൻ എംഎൽഎ ടി.ഐ. മധുസൂദനൻ: കേസെടുക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ
കുന്നരുവിലെ സി.പി എം പ്രവർത്തകൻ സി.വിധനരാജ് വധക്കേസിലെ കോടതി വിധിക്ക് പിന്നാലെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ എംഎൽഎയുമായ ടി.ഐ. മധുസൂദനൻ നടത്തിയ പ്രകോപനപരമായപ്രസംഗം വിവാദമായി.
പയ്യന്നൂർ: കുന്നരുവിലെ സി.പി എം പ്രവർത്തകൻ സി.വിധനരാജ് വധക്കേസിലെ കോടതി വിധിക്ക് പിന്നാലെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ എംഎൽഎയുമായ ടി.ഐ. മധുസൂദനൻ നടത്തിയ പ്രകോപനപരമായപ്രസംഗം വിവാദമായി. പയ്യന്നൂരിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനാചരണ അനുസ്മരണ റാലിക്ക് ശേഷമുള്ള പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പാർട്ടിയെ സോഷ്യൽ മീഡിയയിലൂടെ നിരന്തരംവിമർശിക്കുന്നവർക്കും കോടതി വിധിക്കുമെതിരെ അദ്ദേഹം രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞുതന്നെ തീർക്കുമെന്നും അതിനൊന്നും പാർട്ടിക്ക് മടിയില്ലെന്നും പ്രസംഗത്തിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയിൽ പാർട്ടിയെ ആക്ഷേപിക്കുന്നവർക്ക് കിട്ടേണ്ടത് കിട്ടിയിട്ടുണ്ടാകുമെന്നും ഇനി തെരുവിലിറങ്ങിയാൽ അതിൻറെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും മധുസൂദനൻ പറഞ്ഞു.ചീമേനിയിൽ അഞ്ചുപേരെ ചുട്ടുകൊന്ന കേസിൽ പ്രതികളെ കോടതി വെറുതെ വിട്ട കാര്യം പ്രസംഗത്തിൽ ഓർമ്മിപ്പിച്ച മധുസൂദനൻ, എന്നാൽ അവരാരും ഇന്ന് ജീവനോടെയില്ലെന്നും കൂട്ടിച്ചേർത്തു. ധനരാജ് വധക്കേസിലെ വിധി പ്രസ്താവിച്ച ജഡ്ജിയെയും കോടതിയെയും വിമർശിച്ചായിരുന്നു പ്രസംഗത്തിലെ മറ്റ് ഭാഗങ്ങൾ.
ധനരാജ് കൊല്ലപ്പെട്ടിട്ടില്ലെന്ന് കോടതി പറയാതിരുന്നത് ഭാഗ്യമാണെന്നും പരിഹസിച്ചു. ജഡ്ജിക്ക് എസിയുടെതണുപ്പിലിരുന്ന് കവിതകൾ ഉദ്ധരിക്കാമെന്നും, ഇടതുപക്ഷത്തിൻറെ പോരാട്ടവീര്യത്തെ തടവും ശിക്ഷയും കൊണ്ട് ഇല്ലാതാക്കാമെന്ന് കരുതി സങ്കൽപ്പത്തോണിയിൽ യാത്ര ചെയ്യാമെന്നും മധുസൂദനൻ തൻറെ പ്രസംഗത്തിൽ പറഞ്ഞു. മധുസൂദനൻറെ പ്രസംഗം കൊലവിളിയാണെന്നും കോടതിയലക്ഷ്യമാണെന്നും ആരോപിച്ച് കോൺഗ്രവും ബിജെപിയും ഉൾപ്പെടെയുള്ളപ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. സി പി എം നേതാവ് നടത്തിയ പ്രകോപനപരമായ പ്രസംഗത്തെ കുറിച്ചു രഹസ്യാന്വേഷണ വിഭാഗവും അന്വേഷണമാരംഭിച്ചിട്ടുണ്ട്.