പിഎം ശ്രീക്കെതിരെ പടനയിച്ച ലീഗും മുസ്ലിം യൂത്ത് ലീഗും ഈര്‍ച്ചമരത്തിന്റെ ആപ്പില്‍ വാല് കുടുങ്ങിയ കുരങ്ങന്റെ അവസ്ഥയിലെന്ന് മുന്‍ മന്ത്രി കെടി ജലീല്‍

പിഎം ശ്രീക്കെതിരെ പടനയിച്ച ലീഗും മുസ്ലിം യൂത്ത് ലീഗും ഈര്‍ച്ചമരത്തിന്റെ ആപ്പില്‍ വാല് കുടുങ്ങിയ കുരങ്ങന്റെ അവസ്ഥയിലെന്ന് മുന്‍ മന്ത്രി കെടി ജലീല്‍.

 

മലപ്പുറം: പിഎം ശ്രീക്കെതിരെ പടനയിച്ച ലീഗും മുസ്ലിം യൂത്ത് ലീഗും ഈര്‍ച്ചമരത്തിന്റെ ആപ്പില്‍ വാല് കുടുങ്ങിയ കുരങ്ങന്റെ അവസ്ഥയിലെന്ന് മുന്‍ മന്ത്രി കെടി ജലീല്‍. പി.എം ശ്രീയില്‍ ഒപ്പുവെച്ച് കിട്ടുന്ന പണം വേണ്ടെന്ന പ്രഖ്യാപനത്തിന്റെ കൂടി സന്തതിയാണ് ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാരെന്നും പിഎം ശ്രീയുടെ മറവില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളെ വരുതിയിലാക്കാന്‍ വെച്ച കെണിയില്‍ പോയി തല വെക്കാന്‍ മുഖ്യമന്ത്രി സതീശനും പൊതുവിദ്യാഭ്യാസം കൈകാര്യം ചെയ്യുന്ന ലീഗ് മന്ത്രി ഷംസുദ്ദീനും, നടത്തുന്ന ഗൂഢനീക്കം ആരും കാണാതെ പോകരുതെന്നും ജലീല്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.


കുറിപ്പിന്റെ പൂര്‍ണരൂപം

പി.എം ശ്രീയും ആപ്പില്‍ വാല് കുടുങ്ങിയ ലീഗും!

പി.എം ശ്രീയില്‍ ഒപ്പുവെച്ച് കിട്ടുന്ന പണം വേണ്ടെന്ന പ്രഖ്യാപനത്തിന്റെ കൂടി സന്തതിയാണ് ഇപ്പോഴത്തെ യു.ഡി.എഫ് സര്‍ക്കാര്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് സിലബസ്സില്‍ കൈ കടത്താതെയുള്ള കേന്ദ്ര സഹായം പ്രതീക്ഷിച്ച് ഒപ്പുവെച്ച പി.എം ശ്രീ പദ്ധതി ബഹുജനങ്ങളുടെയും വിവിധ സംഘടനകളുടെയും വിയോജിപ്പ് മാനിച്ച് പിണറായി തന്നെ മുന്‍കയ്യെടുത്ത് മരവിപ്പിച്ചു. ഒരു തുടര്‍നടപടിയും സ്വീകരിച്ചില്ല. നടപ്പിലാക്കേണ്ട സ്‌കൂളുകളുടെ ലിസ്റ്റും കൊടുത്തില്ല.

അതേ സാധനമാണ് യു.ഡി.എഫ് സര്‍ക്കാര്‍ പൊടിതട്ടിയെടുത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നടപ്പിലാക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്. പി.എം ശ്രീയെ ചൊല്ലി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് മുസ്ലിംലീഗും, ജമാഅത്തെ ഇസ്ലാമിയും, ലീഗ് നിയന്ത്രിത മുസ്ലിം സംഘടനകളും മുസ്ലിം ജനവിഭാഗത്തിനകത്ത് നടത്തിയ അതിതീവ്രവര്‍ഗീയ പ്രചരണവും അതേതുടര്‍ന്നുണ്ടായ ശക്തമായ സാമൂഹ്യ ധ്രുവീകരണം അത്ര പെട്ടന്ന് മറക്കാനാവില്ല.

പി.എം ശ്രീയുടെ മറവില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളെ വരുതിയിലാക്കാന്‍ വെച്ച കെണിയില്‍ പോയി തല വെക്കാന്‍ മുഖ്യമന്ത്രി സതീശനും പൊതുവിദ്യാഭ്യാസം കൈകാര്യം ചെയ്യുന്ന ലീഗ് മന്ത്രി ഷംസുദ്ദീനും, നടത്തുന്ന ഗൂഢനീക്കം ആരും കാണാതെ പോകരുത്! ഇടതുപക്ഷ ഭരണ സമയത്ത് പി.എം ശ്രീക്കെതിരെ ഉറഞ്ഞു തുള്ളിയിരുന്ന സമുദായ നേതാക്കളെയൊന്നും മഷിയിട്ട് തെരഞ്ഞിട്ടും കാണാനില്ല.

ബി.ജെ.പി സര്‍ക്കാറില്‍ നിന്ന് പണം പറ്റാന്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ സര്‍ക്കാരിന് കോണ്‍ഗ്രസ്സിന്റെ 'പരമോന്നത' നേതാവ് രാഹുല്‍ജി സമ്മതം നല്‍കിയതായി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. യു.ഡി.എഫ് സര്‍ക്കാരിന്റെ മന്ത്രിസഭാ ഉപസമിതിയും സര്‍ക്കാരിന് പച്ചക്കൊടി കാണിച്ചതായാണ് വിവരം. ബി.ജെ.പി നിശ്ചയിച്ച ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ നിയമ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ച, സതീശന്‍ സര്‍ക്കാറിന്റെ സ്വന്തം അഡ്വക്കറ്റ് ജനറല്‍ നല്‍കിയ നിര്‍ദ്ദേശവും പി.എം ശ്രീയില്‍ ഒപ്പിടുന്നതില്‍ തെറ്റില്ലെന്നാണത്രെ.

പി.എം ശ്രീക്കെതിരെ പടനയിച്ച ലീഗും മുസ്ലിം യൂത്ത് ലീഗും ഈര്‍ച്ചമരത്തിന്റെ ആപ്പില്‍ വാല് കുടുങ്ങിയ കുരങ്ങന്റെ അവസ്ഥയിലാണ്. ചെകുത്താനും കടലിനുമിടക്ക് അകപ്പെട്ട സ്ഥിതി. അങ്ങിനെയിരിക്കെയാണ് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുനവ്വറലി തങ്ങളുടെ പ്രസ്താവന പുറത്തു വന്നത്. ലീഗ് 'നൊമ്പര'മറിയിച്ച് 'ഞാനൊന്നുമറിയില്ല രാമനാരായണ' എന്ന മട്ടില്‍ നില്‍ക്കുമോ, അതല്ല, മുനവ്വറലി തങ്ങളുടെ വാക്ക് മാനിച്ച് പി.എം. ശ്രീയില്‍ നിന്ന് കേരള സര്‍ക്കാര്‍ മാറി നില്‍ക്കുമോ?

പാണക്കാട് തങ്ങന്മാരുടെ വാക്കും പഴയ ചാക്കും ഒരുപോലെയാകാതിരുന്നാല്‍ മഹാഭാഗ്യം!