കേരള കേഡർ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ അൽകേഷ് കുമാർ ശർമ്മ പിഇഎസ്ബി അംഗം
കേരള കേഡർ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ അൽകേഷ് കുമാർ ശർമ്മയെ കേന്ദ്ര പബ്ലിക് എൻറർപ്രൈസസ് സെലക്ഷൻ ബോർഡ് (പിഇഎസ്ബി) അംഗമായി നിയമിച്ചു. കേന്ദ്ര മന്ത്രിസഭയുടെ അപ്പോയിൻമെൻറ്സ് കമ്മിറ്റി നിയമനം അംഗീകരിച്ചു.
തിരുവനന്തപുരം: കേരള കേഡർ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ അൽകേഷ് കുമാർ ശർമ്മയെ കേന്ദ്ര പബ്ലിക് എൻറർപ്രൈസസ് സെലക്ഷൻ ബോർഡ് (പിഇഎസ്ബി) അംഗമായി നിയമിച്ചു. കേന്ദ്ര മന്ത്രിസഭയുടെ അപ്പോയിൻമെൻറ്സ് കമ്മിറ്റി നിയമനം അംഗീകരിച്ചു.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ സീനിയർ മാനേജ്മെൻറ് തസ്തികകളിലേക്കുള്ള നിയമനത്തിൽ സർക്കാരിന് വിദഗ്ധോപദേശം നല്കുക എന്നതാണ് പിഇഎസ്ബിയുടെ ചുമതല.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ (സിപിഎസ്ഇ) നിയമനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ അനുഭവസമ്പത്തും പ്രാഗത്ഭ്യവുമുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിലൂടെ സിപിഎസ്ഇ കളുടെ പ്രവർത്തനങ്ങൾ കൂടുതൽ ചലനാത്മകമാകും. രാജ്യത്തിൻറെ ദ്രുതഗതിയിലുള്ള സാമ്പത്തിക-സാങ്കേതിക വളർച്ചയ്ക്ക് ഗണ്യമായ സംഭാവന നൽകാനും ഇതിലൂടെ സാധിക്കും.
1990 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ അൽകേഷ് കുമാർ ശർമ്മ കേന്ദ്രത്തിലും കേരളത്തിലും നിരവധി ഉന്നത സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. രാജ്യത്തിൻറെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട മേഖലകളിലെ അദ്ദേഹത്തിൻറെ സംഭാവനകൾ നിസ്തുല്യമാണ്.
ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിലെ സെക്രട്ടറി എന്ന നിലയിൽ നയങ്ങൾ രൂപീകരിക്കുന്നതിലും വേഗത്തിൽ നടപ്പിലാക്കുന്നതിലുമുള്ള അദ്ദേഹത്തിൻറെ കഴിവ് വളരെയധികം പ്രശംസിക്കപ്പെട്ടിട്ടുണ്ട്. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റിൽ അഡീഷണൽ സെക്രട്ടറിയായും സെക്രട്ടറിയായും അൽകേഷ് കുമാർ ശർമ്മ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാരിൻറെ വിവിധ മന്ത്രാലയങ്ങളിൽ പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹത്തിന് പൊതുമേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക വികസനം, പൊതു ധനകാര്യം, വ്യവസായം, നഗരവികസനം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിൽ വിപുലമായ പരിചയസമ്പത്തുണ്ട്.
നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡിൻറെ (എൻഐസിഡിസി) സിഇഒയും എംഡിയുമായി പ്രവർത്തിച്ചിട്ടുള്ള അൽകേഷ് കുമാർ ശർമ്മ നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെൻറ് ആൻഡ് ഇംപ്ലിമെൻറേഷൻ ട്രസ്റ്റിൻറെ (എൻഐസിഡിഐടി) സിഇഒയും ആയിരുന്നു.
നീതി ആയോഗ് രൂപീകരിച്ച പ്രോഗ്രാം/പ്രോജക്ട് മാനേജ്മെൻറിനെക്കുറിച്ചുള്ള ടാസ്ക് ഫോഴ്സിലും അദ്ദേഹം അംഗമായിരുന്നു. ഇന്ത്യൻ ഹൈവേസ് മാനേജ്മെൻറ് കമ്പനി ലിമിറ്റഡിൻറെ ചെയർമാനായിരുന്ന അദ്ദേഹം ടോൾ പിരിവിൽ ഫാസ്റ്റാഗ് സംവിധാനം നടപ്പിലാക്കി. യുണൈറ്റഡ് നേഷൻസ് ഡെവലപ്മെൻറ് പ്രോഗ്രാമിൽ (യുഎൻഡിപി) നഗരവികസനം, ദാരിദ്ര്യ നിർമാർജനം എന്നിവയിൽ ദേശീയ പ്രോജക്ട് ഡയറക്ടറായും പ്രവർത്തിച്ചു.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൻറെ മാനേജിംഗ് ഡയറക്ടറായും കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെൻറ് കോർപറേഷൻ (കെഎസ്ഐഡിസി) എംഡിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2019 സെപ്റ്റംബർ മുതൽ 2021 മാർച്ച് വരെ കേരളത്തിലെ അഡീഷണൽ ചീഫ് സെക്രട്ടറിയായി (സ്പെഷ്യൽ പ്രോജക്ട്സ്-ഇൻഫ്രാസ്ട്രക്ചർ & ഇൻഡസ്ട്രീസ്) സേവനമനുഷ്ഠിച്ച അദ്ദേഹം പല പ്രധാന പദ്ധതികളുടെ നടത്തിപ്പിലും മേൽനോട്ടം വഹിച്ചു.കേരള ടൂറിസത്തെ 'ദൈവത്തിൻറെ സ്വന്തം നാട്' ആയി ബ്രാൻഡ് ചെയ്യുന്നതിലും അൽകേഷ് കുമാർ ശർമ്മ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.