യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അടക്കം ക്രൂരമായി മര്‍ദ്ദിച്ച സംഭവം ; അഞ്ചുപേരെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യും
എഡിജിപി എം ആര്‍ അജിത് കുമാറിനോട് വിശദീകരണം തേടാനും എസ്ഐടി തീരുമാനിച്ചിട്ടുണ്ട്.
ഗണ്‍മാന്‍ അനില്‍കുമാര്‍, സുരക്ഷാ ജീവനക്കാരന്‍ എസ് സന്ദീപ്, മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പൊലീസുകാരനായ അരുണ്‍, വിപിന്‍, ഷൈജു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്യുക
നവകേരള യാത്രയ്ക്കിടെ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അടക്കം മര്‍ദ്ദിച്ച സംഭവത്തില്‍ ഉടന്‍ നടപടി ഉണ്ടാകും. ഗണ്‍മാന്‍ അടക്കം അഞ്ച് പൊലീസുകാരെയും ഉടന്‍ സസ്‌പെന്‍ഡ് ചെയ്യും. ഗണ്‍മാന്‍ അനില്‍കുമാര്‍, സുരക്ഷാ ജീവനക്കാരന്‍ എസ് സന്ദീപ്, മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പൊലീസുകാരനായ അരുണ്‍, വിപിന്‍, ഷൈജു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്യുക. ഇവര്‍ക്കെതിരെ വധശ്രമം അടക്കമുള്ള കുറ്റങ്ങളും ചുമത്തും. എഡിജിപി എം ആര്‍ അജിത് കുമാറിനോട് വിശദീകരണം തേടാനും എസ്ഐടി തീരുമാനിച്ചിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കാനാണ് നീക്കം.
വ്യാജരേഖ ചമച്ചതില്‍ കേസെടുക്കുന്നതും പരിഗണനയിലുണ്ട്. നിലവില്‍ ഇടക്കാല റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ എസ്ഐടി തലവന്‍ എസ്പി ഷൗക്കത്തലി ഡിജിപിയെ ധരിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയോടെ വാക്കാലാണ് വിവരങ്ങള്‍ ധരിപ്പിച്ചത്. എസ്ഐടിയുടെ നടപടി ശുപാര്‍ശാ റിപ്പോര്‍ട്ട് ഉടന്‍ തന്നെ ഡിജിപിക്ക് കൈമാറും.