കേരളത്തിലും കർണ്ണാടകയിലും മയക്കുമരുന്ന് വിപണനം നടത്തുന്ന വിദേശി അറസ്റ്റിൽ ; പിടികൂടിയത് ഡൽഹിയിൽ നിന്ന് വയനാട് എക്‌സൈസ് സംഘം

 

മാനന്തവാടി: കേരളത്തിലും കർണ്ണാടകയിലും മയക്കുമരുന്ന് വിപണനം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയെ എക്സൈസ് സംഘം പിടികൂടി. നൈജീരിയൻ പൗരൻ മുഹമ്മദ് ജാമിയു അബ്ദു റഹീമിനെ വയനാട് ജില്ല അസി. എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നാണ് അറസ്റ്റ് ചെയ്തത്.

വയനാട് ജില്ലയിലെ അന്വേഷണത്തിലിരിക്കുന്ന വിവിധ കേസുകളിലെ പ്രതികളിൽ നിന്നും പണം സ്വീകരിച്ച് പ്രതികൾക്ക് മയക്കുമരുന്ന് ലഭ്യമാക്കിയതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്തിന്റെ പ്രധാന ഉറവിടം ബംഗളൂരുവാണ്. ഇവിടെയുള്ള ആഫ്രിക്കൻ സ്വദേശികൾക്ക് മയക്കുമരുന്ന് ലഭ്യമാക്കുന്നത് ഇയാ​ളാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

കഴിഞ്ഞ രണ്ട് മാസമായി ഇയാൾ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. അന്വേഷണസംഘം ഡൽഹിയിൽ എത്തുമ്പോഴേക്കും പ്രതി എത്യോപ്യവഴി നൈജീരിയയിലേക്ക് കടന്നിരുന്നു. പിന്നീട് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിക്കുകയും അതിവിദഗ്‌ദമായി ഇന്ത്യയിലേക്ക് എത്തിക്കുകയും ഇന്തിരാഗാന്ധി വിമാനത്താവളത്തിൽ ബ്യൂറോ ഓഫ് എമിഗ്രേഷന്റെ സഹായത്തോടെ അറസ്റ്റു ചെയ്യുകയുമായിരുന്നു. പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവരാനായി ഡൽഹി പാട്യാല കോടതിയുടെ അനുമതി തേടി. വിമാന മാർഗം സി.ഐ.എസ്.എഫ് സുരക്ഷയോടെയാണ് പ്രതിയെ നാട്ടിൽ എത്തിച്ചത്.

മാസത്തിൽ രണ്ടുതവണ ഇയാൾ നൈജീരിയയിലേക്ക് പോയി വരാറുണ്ടെന്ന് അ​ന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എത്യോപ്യയിലെ അഡിസ് അബാബ വഴിയാണ് ഇയാൾ പോകാറുള്ളത്. സ്ഥിരമായ ഇടവേളകളിൽ ഒരേ ഫ്ലൈറ്റിൽ ആണ് പോയി വരുന്നത്. അന്വേഷണത്തിനിടെ പ്രതി നൈജീരിയയിൽ നിന്നും അഡിസ് അബാബ വിമാനത്താവളത്തിലേക്ക് എത്തിയപ്പോഴേക്കും വിവരം ലഭിച്ചു. സെൻട്രൽ ഐ.ബിയുടെ സഹായവും അന്വേഷണസംഘത്തിന് മുതൽക്കൂട്ടായി. തുടർന്ന് നിരീക്ഷണം ശക്തമാക്കിയിരുന്നു. വയനാട് ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ സഹായത്തോടെ ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു.

തുടർന്ന് വയനാട് ജില്ല അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ വൈ. പ്രസാദിന്റെ പഴുതടച്ചുള്ള അന്വേഷണത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ. ടി, സിവിൽ എക്സൈസ് ഓഫിസർമാരായ പി.എസ്. സുഷാദ്, സി.എം. ബേസിൽ, പി.എൻ. ശ്രീജ മോൾ, പി.എം. സിനി എന്നിവർ അടങ്ങിയ ആറംഗ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നാലുപേരെ മുൻപേ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയുടെ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതായി അസി. എക്സൈസ് കമ്മീഷണർ അറിയിച്ചു.