കാസർകോട്ടെ സ്‌കൂൾ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ; ആരോഗ്യവകുപ്പ് അന്വേഷണമാരംഭിച്ചു

നായന്മാര്‍മൂല ആലമ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതില്‍ ആരോഗ്യവകുപ്പ് അന്വേഷണമാരംഭിച്ചു. പാലിന്റെയും മറ്റു ഭക്ഷ്യവസ്തുക്കളുടെയും സാമ്പിളുകള്‍ ഇന്ന് ശേഖരിക്കും

 

കാസര്‍കോട്: നായന്മാര്‍മൂല ആലമ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതില്‍ ആരോഗ്യവകുപ്പ് അന്വേഷണമാരംഭിച്ചു. പാലിന്റെയും മറ്റു ഭക്ഷ്യവസ്തുക്കളുടെയും സാമ്പിളുകള്‍ ഇന്ന് ശേഖരിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം.  സ്‌കൂളിലെ പാല്‍വിതരണം നിര്‍ത്തിവെച്ചു.

വ്യാഴാഴ്ച സ്‌കൂളില്‍വെച്ച് കുട്ടികള്‍ക്ക് പാല്‍ വിതരണം ചെയ്തതിനു പിന്നാലെയാണ് ഭക്ഷ്യവിഷബാധയേറ്റത്. ഒന്നാംതരം മുതല്‍ ഏഴാംതരം വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് പാല്‍ വിതരണം ചെയ്തിരുന്നത്. പാലിന് രുചിവ്യത്യാസമുള്ളതായി അധ്യാപകര്‍ ഉള്‍പ്പെടെ പരാതിപ്പെട്ടിരുന്നു. പിന്നാലെ വൈകീട്ട് വീട്ടിലേക്ക് മടങ്ങിയ ചില കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നമുണ്ടായും കാസര്‍കോട് ജില്ലയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

മുപ്പത്തഞ്ചോളം കുട്ടികള്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുന്നു. അഞ്ച് കുട്ടികളെ ഡിസ്ചാര്‍ജ് ചെയ്തു. കേസുകള്‍ വര്‍ധിച്ചതോടെയാണ് സ്‌കൂള്‍ അധികൃതര്‍ പോലും ഇത്തരത്തില്‍ ഭക്ഷ്യവിഷബാധയുണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്. പിന്നാലെ ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസറെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. ഇതിന്റെ ഭാഗമായാണ് സ്‌കൂളിലെത്തി ഭക്ഷ്യപരിശോധന നടത്തുന്നത്