ബിരിയാണി അരിയിൽ നിന്ന് ഭക്ഷ്യവിഷബാധ ; ബ്രാൻഡ് അംബാസഡറായ ദുൽഖർ സൽമാൻ അടക്കം 3 പേർക്ക് ഉപഭോക്തൃ കമ്മീഷൻ നോട്ടീസ് 

ബിരിയാണി അരിയിൽ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായി എന്ന പരാതിയിൽ, അരി ബ്രാൻഡിന്റെ ഉടമയ്ക്കും, ബ്രാൻഡ് അംബാസഡറായ നടൻ

 

പത്തനംതിട്ട : ബിരിയാണി അരിയിൽ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായി എന്ന പരാതിയിൽ, അരി ബ്രാൻഡിന്റെ ഉടമയ്ക്കും, ബ്രാൻഡ് അംബാസഡറായ നടൻ ദുൽഖർ സൽമാനും എതിരെ നോട്ടീസ്. പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് നിർണായക നടപടി സ്വീകരിച്ചിരിക്കുന്നത്.

നടൻ ദുൽഖർ സൽമാനോടും റൈസ് ബ്രാൻഡ് ബിരിയാണി അരി കമ്പനി ഉടമയോടും ഡിസംബർ മൂന്നിന് കമ്മീഷൻ മുൻപാകെ നേരിട്ട് ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. പത്തനംതിട്ട സ്വദേശിയായ പി.എൻ. ജയരാജൻ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ നോട്ടീസ് അയച്ചത്. പത്തനംതിട്ടയിൽ കാറ്ററിങ് സ്ഥാപനം നടത്തുന്ന പരാതിക്കാരൻ, ഒരു വിവാഹ ചടങ്ങിന് ബിരിയാണി വെക്കാൻ ഈ ബ്രാൻഡ് അരി വാങ്ങിയിരുന്നു. എന്നാൽ, അരിച്ചാക്കിൽ പാക്ക് ചെയ്ത തീയതിയോ എക്സ്പൈറി ഡേറ്റോ രേഖപ്പെടുത്തിയിരുന്നില്ലെന്നാണ് പരാതിയിൽ ഉന്നയിക്കുന്ന പ്രധാന ആരോപണം.

ഈ അരി ഉപയോഗിച്ച് ബിരിയാണി ഉണ്ടാക്കി വിളമ്പിയതിന് പിന്നാലെ, ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു എന്നാണ് പരാതി. അരി വിറ്റ മലബാർ ബിരിയാണി ആൻഡ് സ്പൈസസ് പത്തനംതിട്ട എന്ന സ്ഥാപനത്തിന്റെ മാനേജർക്കെതിരെയും പരാതിയിൽ ആരോപണമുണ്ട്.

എന്നാൽ, ബ്രാൻഡ് അംബാസഡറായ ദുൽഖർ സൽമാനെയാണ് പരാതിയിൽ മുഖ്യപ്രതിയാക്കിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ പരസ്യം കണ്ട് സ്വാധീനിക്കപ്പെട്ടാണ് താൻ ഈ അരി വാങ്ങിയതെന്നും, അതിനാൽ സ്ഥാപനത്തിനൊപ്പം പരസ്യത്തിലൂടെ ഈ ഉൽപ്പന്നത്തെ പ്രോത്സാഹിപ്പിച്ചയാൾക്കും ഉത്തരവാദിത്തമുണ്ടെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു.