കേരളത്തിൽ പനിബാധിതരുടെ എണ്ണം വർധിക്കുന്നു
പാലക്കാട്: കേരളത്തിൽ പനിബാധിതരുടെ എണ്ണം വലിയ തോതിൽ വർധിക്കുന്നു. ഈ വർഷം 50 ദിവസത്തിൽ പനി ബാധിച്ച് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത് 3,32,153 പേരാണ്. ആരോഗ്യ വകുപ്പിൻറെ ഫെബ്രുവരി 19 വരെയുള്ള കണക്ക് പ്രകാരമാണിത്. ജനുവരി മാസത്തിൽ 2,09,848, ഫെബ്രുവരി 19 വരെ 1,22,305 എന്നിങ്ങനെയാണ് സംസ്ഥാനത്ത് പനി കേസുകൾ റിപ്പോർട്ട് ചെയ്തത്. പനിക്കൊപ്പം വരുന്ന വരണ്ട ചുമ പലപ്പോഴും ആഴ്ചകളോളം നീണ്ടുനിൽക്കുന്ന സ്ഥിതിയാണ്. പ്രതിദിനം ആയിരത്തിലധികം പേരാണ് പനിയും ചുമയും ബാധിച്ച് ചികിത്സ തേടുന്നത്. കോവിഡ് പോലെ വൈറസുകളാണ് ഈ ചുമ പടർത്തുന്നത്.
റസ്പിറേറ്ററി സിൻസിഷ്യൽ വൈറസ്, റൈനോ വൈറസ്, മെറ്റാന്യൂമോ വൈറസ് തുടങ്ങിയവയാണ് രോഗകാരണക്കാരെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. കൃത്യമായ ചികിത്സ തേടിയില്ലെങ്കിൽ ന്യുമോണിയ മുതൽ ബ്രോങ്കൈൽ ആസ്മക്ക് വരെ ഇതു വഴിയൊരുക്കാം. പനിയോ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ചുമയോ ഉണ്ടായാൽ എത്രയും പെട്ടെന്ന് ഡോക്ടറുടെ സേവനം തേടണം. കോവിഡിന് ശേഷം പ്രതിരോധശേഷി കുറഞ്ഞതും വൈറൽ രോഗങ്ങളെ തുടർന്നുണ്ടാകുന്ന ന്യൂമോണിയയും ആശങ്ക വർധിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സ്വയം ചികിത്സ നടത്തുന്നത് അപകടാവസ്ഥക്ക് കാരണമാകാം.
അതേസമയം, പനിക്കൊപ്പം തന്നെ മറ്റു പകർച്ചവ്യാധികളും വ്യാപകമായി പടരുന്നുണ്ട്. ഡെങ്കിപ്പനി ബാധിച്ച് ആറുപേരാണ് ഈ വർഷം മരിച്ചത്. ആകെ 598 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 7531 പേർക്ക് ചിക്കൻ പോക്സ് ബാധിച്ചു. ഒരു മരണവും ഉണ്ടായി. ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ഒമ്പത് പേർക്കാണ് ജീവൻ നഷ്ടമായത്. 1198 പേർക്ക് രോഗം ബാധിച്ചു. 215 പേർക്ക് എലിപ്പനിയും 76 പേർക്ക് മലേറിയയും 41 പേർക്ക് ടൈഫോയ്ഡും റിപ്പോർട്ട് ചെയ്തു. എലപ്പനി ബാധിച്ച് രണ്ടുപേരാണ് മരിച്ചത്. മലേറിയ മൂലം ഒരാളും മരിച്ചു. ഒമ്പത് പേർക്ക് ചിക്കുൻഗുനിയ റിപ്പോർട്ട് ചെയ്തു. ഈ വർഷം ഇതുവരെ 33 പേർക്കാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. ആറുപേർക്ക് ഇതുമൂലം ജീവൻ നഷ്ടമായി.