മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് നേതാവായ അധ്യാപകന് സസ്പെൻഷൻ

മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകനെ സസ്പെന്‍റ് ചെയ്തു. മുട്ടന്നൂര്‍ എയിഡഡ് യുപി സ്‌കൂള്‍ അധ്യാപകനായ ഫർസീൻ മജീദിനെ സ്കൂൾ മാനേജ്മെന്‍റാണ് സസ്പെന്‍റ് ചെയ്തത്.
 
മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകനെ സസ്പെന്‍റ് ചെയ്തു.

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകനെ സസ്പെന്‍റ് ചെയ്തു. മുട്ടന്നൂര്‍ എയിഡഡ് യുപി സ്‌കൂള്‍ അധ്യാപകനായ ഫർസീൻ മജീദിനെ സ്കൂൾ മാനേജ്മെന്‍റാണ് സസ്പെന്‍റ് ചെയ്തത്.

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ അന്വേഷണ വിധേയമായാണ് സസ്പെന്‍ഷന്‍. അധ്യാപകനെതിരെ പരാതിയുമായി രക്ഷിതാക്കൾ സ്കൂളിൽ എത്തിയതിനെ തുടര്‍ന്നാണ് സസ്പെന്‍റ് ചെയ്തത്. രക്ഷിതാക്കൾ കൂട്ടമായെത്തി കുട്ടികളുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകുകയായിരുന്നു.

കുട്ടികൾ ഭയപ്പാടിലാണെന്ന് രക്ഷിതാക്കൾ പറയുന്നു. ഡിപിഐയുടെ നിർദ്ദേശപ്രകാരം സംഭവത്തിൽ ഡിഡിഇ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അധ്യാപകനെ കുറിച്ച് അന്വേഷിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബുവിനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. മുട്ടന്നൂര്‍ എയിഡഡ് യുപി സ്‌കൂള്‍ അധ്യാപകനായ ഫര്‍സീന്‍ മജീദ് മുഖ്യമന്ത്രിയെ ശാരീരികമായി ആക്രമിക്കാനാണ് ശ്രമിച്ചതെന്നും ഈ പശ്ചാത്തലത്തില്‍ എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശിട്ടുണ്ടെന്നുമാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ അറിയിച്ചത്.

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചത്. സംഭവത്തില്‍ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. വധശ്രമം, ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തൽ, എയർ ക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലിന്‍റെ മൊഴിയുടെയും ഇൻഡിഗോ ഗ്രൗണ്ട് മാനേജരുടെ കത്തിന്‍റെയും അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്‍റ് ഫർസീൻ മജീദ്, ജില്ലാ സെക്രട്ടറി ആർ കെ നവീൻ അടക്കമുള്ളവർക്കെതിരായാണ് കേസെടുത്തിരിക്കുന്നത്.