ബേപ്പൂരില്‍ അന്‍വറിനെ സ്വാഗതം ചെയ്ത് ഫ്ളക്സ് ബോര്‍ഡുകള്‍ ; മുഹമ്മദ് റിയാസിനെതിരെ മത്സരത്തിനിറങ്ങുമോ ?

മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് മുന്‍പ് തന്നെ പി വി അന്‍വര്‍ പറഞ്ഞിരുന്നു.

 

പി വി അന്‍വറിന് ബേപ്പൂരിന്റെ മണ്ണിലേക്ക് സ്വാഗതം എന്നെഴുതിയ ഫ്ളക്സുകളാണ് പ്രദേശത്ത് പ്രത്യക്ഷപ്പെട്ടത്.

പി വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയതിന് പിന്നാലെ ബേപ്പൂരില്‍ അന്‍വറിനെ സ്വാഗതം ചെയ്ത് ഫ്ളക്സ് ബോര്‍ഡുകള്‍. പി വി അന്‍വറിന് ബേപ്പൂരിന്റെ മണ്ണിലേക്ക് സ്വാഗതം എന്നെഴുതിയ ഫ്ളക്സുകളാണ് പ്രദേശത്ത് പ്രത്യക്ഷപ്പെട്ടത്.

മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് മുന്‍പ് തന്നെ പി വി അന്‍വര്‍ പറഞ്ഞിരുന്നു. മരുമോനിസത്തിന്റെ അടിവേരറുക്കാന്‍ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ മത്സരിക്കാനും തയ്യാറാണ് എന്നായിരുന്നു പി വി അന്‍വര്‍ മുമ്പ് പറഞ്ഞിരുന്നത്. യുഡിഎഫിന്റെ ക്ഷണം സ്വീകരിച്ചതിന് പിന്നാലെ പി വി അന്‍വര്‍ ഇന്നും പിണറായിസത്തെയും മരുമോനിസത്തെയും തോല്‍പ്പിക്കാന്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് ആവര്‍ത്തിച്ചിരുന്നു. മത്സരിക്കാന്‍ യുഡിഎഫ് ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും ഇനി മത്സരിക്കേണ്ട എന്നാണ് തീരുമാനമെങ്കില്‍ അതും അനുസരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് അന്‍വറിനെ ബേപ്പൂരേക്ക് സ്വാഗതം ചെയ്ത് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.

നേരത്തെ ബേപ്പൂരിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പി വി അന്‍വറിനെ പ്രദേശത്ത് എത്തിച്ച് പരിപാടികളില്‍ പങ്കെടുപ്പിച്ചിരുന്നു. ഫ്‌ളക്‌സ് ബോര്‍ഡുകള്‍കൂടി ഉയര്‍ന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ മത്സരിക്കാന്‍ പി വി അന്‍വറിനെ യുഡിഎഫ് കളത്തിലിറക്കുമോ എന്നത് ചര്‍ച്ചാ വിഷയമായിരിക്കയാണ്.