ആദ്യം ആപ്പിള്‍, പിന്നെ കുടം, ഒടുവില്‍ മോതിരം ; റസാഖിന് ഒടുവില്‍ ചിഹ്നം കിട്ടി !

നോമിനേഷന്‍ കൊടുക്കുന്ന സമയത്ത് മൂന്ന് ചിഹ്നങ്ങളാണ് നല്‍കിയതെന്ന് റസാഖ് പറഞ്ഞു.

 

സാങ്കേതിക തടസം കാരണമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം മാറ്റിയത്.

പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ എന്‍എംആര്‍ റസാഖിന് പുതിയ തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മോതിരമാണ് റസാഖിന് അനുവദിച്ചുനല്‍കിയ ചിഹ്നം. ആദ്യം ആപ്പിള്‍, രണ്ടാമത് കുടം ചിഹ്നങ്ങള്‍ നല്‍കിയ ശേഷമാണ് റസാഖിന് മോതിരം അനുവദിച്ചത്. സാങ്കേതിക തടസം കാരണമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം മാറ്റിയത്.


നോമിനേഷന്‍ കൊടുക്കുന്ന സമയത്ത് മൂന്ന് ചിഹ്നങ്ങളാണ് നല്‍കിയതെന്ന് റസാഖ് പറഞ്ഞു. അതില്‍ രണ്ട് ചിഹ്നങ്ങള്‍ മരവിപ്പിച്ചതായി പിന്നീട് അറിയിപ്പ് ലഭിച്ചിരുന്നു. അതിന് ശേഷം മൂന്നാമത്തെ ചിഹ്നം അനുവദിച്ച് തന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചിഹ്നം സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിന് ശേഷം രാത്രി എട്ട് മണിയോടെ ആ ചിഹ്നം അനുവദിക്കാന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തുടര്‍ന്ന് ആര്‍ഡിഒ ചര്‍ച്ചയ്ക്ക് വിളിച്ചു. ചിഹ്നം മാറ്റിയതിന് സാങ്കേതിക കാരണങ്ങളാണ് അവര്‍ പറയുന്നത്. അതിന്റെ വശങ്ങളിലേക്ക് കടക്കാനുള്ള സമയം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും കാരണങ്ങള്‍ വിശീകരിച്ച് കുറിപ്പ് നല്‍കാമെന്നാണ് ആര്‍ഡിഒ അറിയിച്ചതെന്നും എന്‍എംആര്‍ റസാഖ് കൂട്ടിച്ചേര്‍ത്തു.