'ആദ്യം മമ്മൂട്ടി, അടുത്തത് മോഹൻലാൽ'; സൈബർ ആക്രമണത്തിന് സാധ്യതയെന്ന് കെ. സുരേന്ദ്രൻ

: കഴിഞ്ഞ രണ്ടാഴ്ച മമ്മൂട്ടിക്കെതിരെയായിരുന്നു സൈബർ ആക്രമണമെങ്കിൽ അടുത്ത രണ്ടാഴ്ച മോഹൻലാലിന് നേരെയായിരിക്കുമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ആർഎസ്എസ് പ്രസിദ്ധീകരണമായ 'കേസരി' വാരികയുടെ പരിപാടിയിൽ പങ്കെടുത്ത് സംഘപ്രവർത്തനങ്ങളെ മോഹൻലാൽ പ്രശംസിച്ചതിന് പിന്നാലെയാണ് കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്.

 

കോഴിക്കോട്: കഴിഞ്ഞ രണ്ടാഴ്ച മമ്മൂട്ടിക്കെതിരെയായിരുന്നു സൈബർ ആക്രമണമെങ്കിൽ അടുത്ത രണ്ടാഴ്ച മോഹൻലാലിന് നേരെയായിരിക്കുമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ആർഎസ്എസ് പ്രസിദ്ധീകരണമായ 'കേസരി' വാരികയുടെ പരിപാടിയിൽ പങ്കെടുത്ത് സംഘപ്രവർത്തനങ്ങളെ മോഹൻലാൽ പ്രശംസിച്ചതിന് പിന്നാലെയാണ് കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്.

"കഴിഞ്ഞ രണ്ടാഴ്ച മമ്മൂട്ടിയെ കൊലവിളിച്ചു. ഉറപ്പായും അടുത്ത രണ്ടാഴ്ച മോഹൻലാലിന്റെ പിന്നാലെ ആയിരിക്കും. ആര് നല്ലത് ചെയ്താലും നല്ലത് പറഞ്ഞാലും അങ്ങനെ തന്നെ വേണം. ഇത് കേരളം, ഇവിടെ ഇതൊന്നും നടപ്പില്ല. അവരോടെല്ലാം ഒന്നേ പറയാനുള്ളൂ, 'തുല്യനിന്ദാ സ്തുതിർ മൗനി'. പച്ച മലയാളത്തിൽ പറഞ്ഞാൽ പന്നിക്കൂട്ടങ്ങളോട് യുദ്ധം ചെയ്ത് സ്വന്തം ശരീരത്തിൽ ചെളി തെറിപ്പിക്കാതിരിക്കുക" - കെ. സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ദിവസം കോഴിക്കോട് കേസരി ഹാളിൽ നടന്ന പരിപാടിയിലാണ് മോഹൻലാൽ ആർഎസ്എസിന്റെ സാംസ്കാരിക പ്രവർത്തനങ്ങളെ പ്രശംസിച്ചത്. ദേശസ്നേഹത്തിലും ദേശീയബോധത്തിലും വേരുറപ്പിച്ച മാധ്യമപ്രവർത്തനവും സാമൂഹിക ഇടപെടലുമായിരുന്നു കേസരിക്ക് പിന്നിലെന്നും, സംഘം അവിടെയൊരു സാംസ്കാരിക കർത്തവ്യം നിറവേറ്റുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭാരതമെന്ന സംസ്കൃതിയുടെ പാഠങ്ങൾ കേസരി തലമുറകളിലേക്ക് പകർന്നു നൽകിയെന്നും, മുതിർന്ന ആർഎസ്എസ് നേതാവ് പി. പരമേശ്വർജിയെ പ്രത്യേകം സ്മരിക്കുന്നുവെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. സായുധ സേനാംഗങ്ങളുടെ ജീവിതവും അതിർത്തിയിലെ അനുഭവങ്ങളും പങ്കുവെച്ച മോഹൻലാൽ, റഷ്യ-യുക്രെയ്ൻ യുദ്ധകാലത്ത് ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിച്ച രക്ഷാദൗത്യത്തെ ആസ്പദമാക്കി ഒരുങ്ങുന്ന തന്റെ പുതിയ ചിത്രമായ 'ഓപ്പറേഷൻ ഗംഗ'യെക്കുറിച്ചും വേദിയിൽ പരാമർശിച്ചു.