വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ആദ്യ ഇറക്കുമതി കണ്ടെയ്നര്‍ കപ്പലെത്തി
ഇറക്കുമതി സൗകര്യം ആരംഭിക്കുന്നതോടെ ചരക്കുകള്‍ വിഴിഞ്ഞത്ത് നേരിട്ട് ഇറക്കി കസ്റ്റംസ് നടപടികള്‍ പൂര്‍ത്തിയാക്കി കേരളത്തിലെ വിപണികളിലെത്തിക്കാനാകും.
പരമ്പരാഗത പ്ലൈവുഡിന് പകരം നിര്‍മ്മാണ മേഖലയില്‍ ഉപയോഗിക്കുന്ന എന്‍ജിനീയേര്‍ഡ് ബില്‍ഡിങ് ബോര്‍ഡുകളാണ് കണ്ടെയ്നറിലുള്ളത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ആദ്യ ഇറക്കുമതി കണ്ടെയ്നര്‍ കപ്പലെത്തി. ആദ്യ ഇറക്കുമതി കണ്ടെയ്നറിന്റെ ഫ്ലാഗ് ഓഫ് ഇന്ന് ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ജെറോമിക് ജോര്‍ജ് നിര്‍വഹിച്ചു. ചൈനയിലെ നിങ്ബോയില്‍ നിന്ന് ബുക്ക് ചെയ്ത കണ്ടെയ്നര്‍ എം.എസ്.സി സബ്രീന III കപ്പലിലാണ് വിഴിഞ്ഞത്തെത്തിയത്. തിരുവനന്തപുരത്തെ ആള്‍ടെയര്‍ ഗ്രൂപ്പിനുവേണ്ടി നഗരത്തിലെ സ്റ്റാര്‍ട്ടപ്പായ ബി.എസ്.ജി ലോജിസ്റ്റിക്സ് ആന്‍ഡ് ഷിപ്പ് ചാന്‍ഡ്ലേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് കണ്ടെയ്നര്‍ ബുക്ക് ചെയ്തത്. പരമ്പരാഗത പ്ലൈവുഡിന് പകരം നിര്‍മ്മാണ മേഖലയില്‍ ഉപയോഗിക്കുന്ന എന്‍ജിനീയേര്‍ഡ് ബില്‍ഡിങ് ബോര്‍ഡുകളാണ് കണ്ടെയ്നറിലുള്ളത്.
ഇറക്കുമതി സൗകര്യം ആരംഭിക്കുന്നതോടെ ചരക്കുകള്‍ വിഴിഞ്ഞത്ത് നേരിട്ട് ഇറക്കി കസ്റ്റംസ് നടപടികള്‍ പൂര്‍ത്തിയാക്കി കേരളത്തിലെ വിപണികളിലെത്തിക്കാനാകും. ഇതുവഴി മറ്റ് തുറമുഖങ്ങളെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യവും ചരക്കുനീക്കത്തിനുള്ള സമയവും ചെലവും കുറയും. ചരക്ക് കൈകാര്യം ചെയ്യല്‍, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലെ വരുമാനം സംസ്ഥാനത്ത് നിലനിര്‍ത്താനും സാധിക്കുമെന്ന് പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.കസ്റ്റംസ് ബ്രോക്കര്‍മാര്‍, ഫ്രൈറ്റ് ഫോര്‍വേഡര്‍മാര്‍, ട്രാന്‍സ്പോര്‍ട്ടര്‍മാര്‍, വെയര്‍ഹൗസ് നടത്തിപ്പുകാര്‍, തുറമുഖ തൊഴിലാളികള്‍ തുടങ്ങിയ മേഖലകളില്‍ തിരുവനന്തപുരത്തും തെക്കന്‍ ജില്ലകളിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പുതിയ സൗകര്യം വഴിയൊരുക്കും.