ഗുരുവായൂര്‍ ക്ഷേത്രത്തിനകത്തെ ഭണ്ഡാരത്തില്‍ തീപടര്‍ന്ന് നോട്ടുകള്‍ കത്തിനശിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തിനകത്തെ ഭണ്ഡാരത്തില്‍ തീപടര്‍ന്ന് നോട്ടുകള്‍ കത്തിനശിച്ചു. ശ്രീകോവിലിന് സമീപത്തെ ഒന്നാം നമ്പര്‍ പ്രധാന ഭണ്ഡാരത്തിന് മുകളില്‍ വെല്‍ഡ് ചെയ്യുന്നതിനിടെ തീപ്പൊരി അകത്ത് വീണാണ് നോട്ടുകള്‍ കത്തിനശിച്ചത്

 

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിനകത്തെ ഭണ്ഡാരത്തില്‍ തീപടര്‍ന്ന് നോട്ടുകള്‍ കത്തിനശിച്ചു. ശ്രീകോവിലിന് സമീപത്തെ ഒന്നാം നമ്പര്‍ പ്രധാന ഭണ്ഡാരത്തിന് മുകളില്‍ വെല്‍ഡ് ചെയ്യുന്നതിനിടെ തീപ്പൊരി അകത്ത് വീണാണ് നോട്ടുകള്‍ കത്തിനശിച്ചത്.ഭണ്ഡാരത്തിനകത്ത് നിന്നു പുക വരുന്നതു കണ്ട് ജീവനക്കാര്‍ ഉടന്‍ വെള്ളമൊഴിച്ച് തീയണച്ചു. ഭണ്ഡാരം തുറന്ന് മുഴുവന്‍ നോട്ടുകളും സുരക്ഷിത മുറിയിലേക്ക് മാറ്റി. 

നനഞ്ഞ നോട്ടുകള്‍ ഉണക്കുന്നതിനുള്ള സംവിധാനം ചെയ്തു. ക്ഷേത്ര ശ്രീകോവിലിന് സമീപത്തെ ഈ ഒരൊറ്റ ഭണ്ഡാരത്തില്‍ നിന്ന് ഒരു മാസം ഒരു കോടിയിലേറെ രൂപ ലഭിക്കാറുണ്ട്.

അതേസമയം ക്ഷേത്ര ശ്രീകോവിലിന് ചുറ്റും ചുമര്‍ചിത്രം നവീകരിക്കുന്നതിനായി ഭണ്ഡാരം മാറ്റിയിട്ടപ്പോള്‍ ഭണ്ഡാരത്തിന്റെ മുകളില്‍ മഴ നനയാതെ ഇരിക്കാന്‍ ഉണ്ടാക്കിയ മുഖപ്പ് മുറിച്ചു മാറ്റിയിരുന്നു. മഴക്കാലത്തിനു മുന്‍പായി ഈ ഭാഗം വെല്‍ഡ് ചെയ്ത് ഉറപ്പിക്കുന്നതിനിടെയാണ് തീപിടിച്ചത്.