മരുന്നുസംഭരണ ശാലയിലെ തീപിടിത്തം; വിശദ അന്വേഷണത്തിന് ശേഷം ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ഫയര്‍മാന്റെ മരണത്തില്‍ അടക്കം ഫയര്‍ഫോഴ്‌സിന്റെ അന്വേഷണം തുടരുകയാണ്.
 

കിന്‍ഫ്ര പാര്‍ക്കില്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ മരുന്നു സംഭരണ ശാലയില്‍ തീപിടിച്ച സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന നിലപാടില്‍ ഫയര്‍ഫോഴ്‌സ്. ഫയര്‍മാന്റെ മരണത്തില്‍ അടക്കം ഫയര്‍ഫോഴ്‌സിന്റെ അന്വേഷണം തുടരുകയാണ്.

ഫോറന്‍സിക് റിപ്പോര്‍ട്ടും ഫയര്‍ഫോഴ്‌സ് പരിശോധിക്കും. ഫയര്‍മാന്റെ അസ്വാഭാവിക മരണത്തിലും തീ പിടുത്തത്തിലും പൊലീസ് അന്വേഷണവും തുടരുകയാണ്. അതേ സമയം തീ പിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രികളിലും,മരുന്ന് സംഭരണ കേന്ദ്രങ്ങളിലും ഫയര്‍ഫോഴ്‌സ് ആരംഭിച്ച പരിശോധന ഇന്നും തുടരും.

കിന്‍ഫ്രയിലെ തീപിടുത്തത്തില്‍ അഗ്‌നിരക്ഷാ സേനാംഗത്തിന് ജീവന്‍ നഷ്ടമായ സംഭവത്തില്‍ ഉള്‍പ്പടെ വിശദമായ അന്വേഷണമാണ് ഫയര്‍ഫോഴ്‌സ് നടത്തുന്നത്. കെട്ടിടത്തിലെ സുരക്ഷാ വീഴ്ചയടക്കം ചൂണ്ടിക്കാട്ടിയായിരിക്കും ഫയര്‍ഫോഴ്‌സിന്റെ റിപ്പോര്‍ട്ട് നല്‍കുക. അഗ്‌നിരക്ഷാ സേനാംഗം ജെ. എസ് രഞ്ജിത്തിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിനും, തീപിടുത്തത്തിലുമാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.