ഒടുവിൽ യാത്രാനുമതി; വിഴിഞ്ഞത്ത് കസ്റ്റഡിയിൽ വച്ചിരുന്ന വിദേശ കപ്പൽ തീരം വിട്ടു

മത്സ്യബന്ധന ബോട്ടിൽ കപ്പൽ ഇടിച്ച് അപകടമുണ്ടാക്കിയതിനു പിന്നാലെ വിഴിഞ്ഞത്ത് കസ്റ്റഡിയിൽ വച്ചിരുന്ന വിദേശ കപ്പൽ തീരം വിട്ടു. യാത്രാനുമതി കിട്ടിയതോടെ എംടി സോളിസ് എന്ന വിദേശ കപ്പലാണ് തീരം വിട്ടത്. മാസങ്ങളായി തീരത്ത് കിടന്നിരുന്ന കപ്പൽ പുറപ്പെടുന്നതിന് മുൻപായി പലവ്യജ്ഞനങ്ങൾ‌ ഉൾ‌പ്പെടെ ശേഖരിച്ചാണ് കൊളംബോയിലേക്ക് തിരിച്ചത്.

 

തിരുവനന്തപുരം: മത്സ്യബന്ധന ബോട്ടിൽ കപ്പൽ ഇടിച്ച് അപകടമുണ്ടാക്കിയതിനു പിന്നാലെ വിഴിഞ്ഞത്ത് കസ്റ്റഡിയിൽ വച്ചിരുന്ന വിദേശ കപ്പൽ തീരം വിട്ടു. യാത്രാനുമതി കിട്ടിയതോടെ എംടി സോളിസ് എന്ന വിദേശ കപ്പലാണ് തീരം വിട്ടത്. മാസങ്ങളായി തീരത്ത് കിടന്നിരുന്ന കപ്പൽ പുറപ്പെടുന്നതിന് മുൻപായി പലവ്യജ്ഞനങ്ങൾ‌ ഉൾ‌പ്പെടെ ശേഖരിച്ചാണ് കൊളംബോയിലേക്ക് തിരിച്ചത്.കൊച്ചി മെർക്കന്‍റൈൽ മറൈൻ വകുപ്പാണ് കപ്പലിന് യാത്രാനുമതി നൽകി ഉത്തരവിറക്കിയത്. കപ്പലിലുണ്ടായിരുന്നവരടക്കമുള്ളവരുമായി ചർച്ച നടത്തിയ ശേഷമാണ് യാത്രാനുമതി നൽകിയത്. ക്യാപ്റ്റനടക്കം വിയറ്റ്നാം സ്വദേശികളായ 20 ഓളം ക്രൂവാണ് കപ്പലിലുണ്ടായിരുന്നത്.

കന്യാകുമാരിക്കടുത്ത് കടലിൽ മാർച്ച് 7 നാണ് അപകടം ഉണ്ടായത്. കൊല്ലം സ്വദേശിയുടെ സെന്‍റ് ജോസഫ് എന്ന ബോട്ടാണ് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന 11 പേരിൽ കോല്‌ക്കത്തയിൽ നിന്നുള്ള 2 പേരെ കാണാതാവുകയും തമിഴ്നാട്, കോൽക്കത്ത സ്വദേശികളായ 9 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് കപ്പൽ കസ്റ്റഡിയിലെടുത്തത്.