അർജുൻറെ അന്ത്യവിശ്രമവും വീട്ടുമുറ്റത്തുതന്നെ
അർജുന് ആറടി മണ്ണൊരുക്കുന്നത് വീടിനരികിൽ തന്നെ . അർജുന് വീടുവിട്ടൊരു ലോകം ഉണ്ടായിരുന്നില്ല. ജോലിക്കായി വീടുവിട്ടുപോയാൽ. വീട്ടിലെ ഓരോ അംഗത്തെയും പലതവണ വിളിക്കുകയും വിവരങ്ങൾ ആരായുകയും ചെയ്യുമായിരുന്നു അർജുൻ .
കോഴിക്കോട്: അർജുന് ആറടി മണ്ണൊരുക്കുന്നത് വീടിനരികിൽ തന്നെ . അർജുന് വീടുവിട്ടൊരു ലോകം ഉണ്ടായിരുന്നില്ല. ജോലിക്കായി വീടുവിട്ടുപോയാൽ. വീട്ടിലെ ഓരോ അംഗത്തെയും പലതവണ വിളിക്കുകയും വിവരങ്ങൾ ആരായുകയും ചെയ്യുമായിരുന്നു അർജുൻ .
വിവരങ്ങൾ ചോദിച്ചറിഞ്ഞാൽ മാത്രം പോരാ, വീട്ടുകാരുമായി പലതവണ വിഡിയോ കാൾ ചെയ്യുന്നതും അർജുന്റെ ശീലമായിരുന്നു. അച്ഛന്റെയും അമ്മയുടെയും ഭാര്യയുടെയും രണ്ടര വയസ്സുകാരൻ അയാന്റെയും ശബ്ദം കേട്ടില്ലെങ്കിൽ താൻ അസ്വസ്ഥനാകുമെന്ന് അർജുൻതന്നെ പലതവണ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ അർജുന്റെ ഫോണിന് വീട്ടുകാരും ഏറെ പ്രാധാന്യം കൊടുത്തിരുന്നു. വീട്ടുകാരെ മാറിമാറി വിളിക്കുന്നതിനാൽ വീട്ടിലെ ഓരോ നിമിഷത്തിലും അർജുനും പങ്കാളിയാകുന്നതായി കുടുംബാംഗങ്ങൾക്ക് തോന്നി.
ആ ചിന്തക്ക് ഭംഗം വരാതിരിക്കാൻ, വീട്ടുകാരുടെ ഓരോ ഹൃദയമിടിപ്പും അടുത്തിരുന്നറിയാൻവേണ്ടി വീടിനുചേർന്നുതന്നെയാണ് ആറടി മണ്ണിൽ വിശ്രമമൊരുക്കുന്നത്.
മകൻ അയാന്റെ പൂപുഞ്ചിരി കാണാനും ശ്രദ്ധകിട്ടാനും അവൻ ഏറ്റവും ഇഷ്ടപ്പെട്ട കളിപ്പാട്ടമായ ലോറി അർജുൻ വീട്ടിൽനിന്ന് എടുത്തുകൊണ്ടുപോവുകയായിരുന്നു. വിഡിയോ കാൾ ചെയ്യുമ്പോൾ അയാൻ പല ഭാഗത്തേക്കും ശ്രദ്ധമാറ്റുമ്പോൾ അർജുൻ ലോറിയെടുത്തു കാണിക്കും. പിന്നീട് എത്രസമയം വേണമെങ്കിലും അയാൻ പിതാവുമായി ഫോണിൽ സംസാരിച്ചിരിക്കുമായിരുന്നു.വീട്ടിലേക്കുള്ള അവസാനയാത്രയിലും അർജുൻ പുതിയ കളിപ്പാട്ടങ്ങൾ വാങ്ങിവെച്ചിരുന്നു.