എസ്എംഎ മരുന്ന് വിവാദത്തിൽ നിയമസഭയിൽ കടുത്ത് വാക്‌പോര്; പ്രതിപക്ഷം സഭ വിട്ടിറങ്ങി

സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) രോഗത്തിനുള്ള ജനറിക് മരുന്ന് വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിലും 'കേരള ഹോളിസ്റ്റിക് ഹെൽത്ത് മോഡൽ' ടാസ്ക് ഫോഴ്സ് നിയമനങ്ങളിലും നിയമസഭയിൽ രൂക്ഷമായ വാക്‌പോര്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നവജാത ശിശുക്കൾക്ക് നൽകിയ മരുന്ന് 'ക്ലിനിക്കൽ ട്രയൽ' എന്ന് രേഖപ്പെടുത്തിയതിനെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചു. ജനറിക് മരുന്ന് നിർമ്മാതാക്കളായ നാറ്റ്കോ ഫാർമയിൽ നിന്ന് ഇലക്ടറൽ ബോണ്ട് വഴി കോൺഗ്രസിന് 12.25 കോടി രൂപ ലഭിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

 

തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) രോഗത്തിനുള്ള ജനറിക് മരുന്ന് വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിലും 'കേരള ഹോളിസ്റ്റിക് ഹെൽത്ത് മോഡൽ' ടാസ്ക് ഫോഴ്സ് നിയമനങ്ങളിലും നിയമസഭയിൽ രൂക്ഷമായ വാക്‌പോര്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നവജാത ശിശുക്കൾക്ക് നൽകിയ മരുന്ന് 'ക്ലിനിക്കൽ ട്രയൽ' എന്ന് രേഖപ്പെടുത്തിയതിനെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചു. ജനറിക് മരുന്ന് നിർമ്മാതാക്കളായ നാറ്റ്കോ ഫാർമയിൽ നിന്ന് ഇലക്ടറൽ ബോണ്ട് വഴി കോൺഗ്രസിന് 12.25 കോടി രൂപ ലഭിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ മുൻ എൽഡിഎഫ് സർക്കാർ കമ്പനിക്ക് 50 കോടി രൂപയുടെ കുടിശ്ശിക വരുത്തിയെന്നും നാറ്റ്കോ സിപിഎം പാർട്ടി ഫണ്ടിലേക്ക് 1.5 കോടി രൂപ നൽകിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ രേഖകൾ വ്യക്തമാക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ തിരിച്ചടിച്ചു. പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

നിർധന കുടുംബങ്ങൾക്ക് താങ്ങാവുന്ന നിരക്കിൽ മരുന്ന് എത്തിക്കാനാണ് സർക്കാർ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ സഭയിൽ വ്യക്തമാക്കി. വിദേശ കമ്പനിയുടെ ബ്രാൻഡഡ് മരുന്നിന് 12 ദിവസത്തേക്ക് 6.5 ലക്ഷം രൂപ ചെലവാകുമ്പോൾ നാറ്റ്കോയുടെ ജനറിക് റിസ്ഡിപ്ലാം മരുന്നിന് 15,000 രൂപ മാത്രമാണ് നിരക്കെന്നും ഇത് ഡ്രഗ്സ് കൺട്രോളർ ജനറലിന്റെ പൂർണ്ണ അനുമതിയോടെയും സാങ്കേതിക സമിതിയുടെ ശുപാർശയോടെയുമാണ് നൽകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടറുടെ നിർദേശപ്രകാരം നടപ്പിലാക്കിയ ഈ മരുന്ന് വിതരണം യാതൊരു കാരണവശാലും പരീക്ഷണ മരുന്നല്ലെന്നും ലഖ്‌നൗ എസ്ജിപിജിഐ ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളിൽ ഇത് സുരക്ഷിതമായി നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം, ദീർഘകാല ഫലപ്രാപ്തി ഉറപ്പുതരാത്ത പുതിയ ജനറിക് മരുന്ന് നൽകുന്നതിലെ ആശങ്ക നേരത്തെ അറിയിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രിയും വ്യക്തമാക്കി.

ഹോളിസ്റ്റിക് ഹെൽത്ത് മോഡൽ ടാസ്ക് ഫോഴ്സിൽ സ്വകാര്യ ആശുപത്രി, ഫാർമസ്യൂട്ടിക്കൽ പ്രതിനിധികളെയും ആരോപണവിധേയനായ ഉത്തർപ്രദേശ് മുൻ ചീഫ് സെക്രട്ടറി ദീപക് സിംഗാളിനെയും ഉൾപ്പെടുത്തിയതിനെതിരെയും പ്രതിപക്ഷം രംഗത്തെത്തി. എന്നാൽ ദീപക് സിംഗാളിന് വിജിലൻസ് ക്ലിയറൻസ് ലഭിച്ചിട്ടുണ്ടെന്നും ഡോ. ശിവകുമാർ സരിൻ, ഡോ. എം.വി. പിള്ള, ഡോ. പി.എം. വാര്യർ തുടങ്ങിയ പ്രഗത്ഭരെ രാഷ്ട്രീയ പരിഗണനകളില്ലാതെ നോളജ് പാർട്ണർമാരായി മാത്രമാണ് നിയോഗിച്ചതെന്നും മുഖ്യമന്ത്രി മറുപടി നൽകി.