യാത്രയ്ക്കിടെ പനി കടുത്തു, അപസ്മാരമായി; പിഞ്ചുകുഞ്ഞുമായി KSRTC സ്വിഫ്റ്റ് ആശുപത്രിയിലേക്ക് 

എറണാകുളത്ത് യാത്രയ്ക്കിടെ അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ബസിൽ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കി കെഎസ്ആർടിസി ജീവനക്കാർ.തിരുവനന്തപുരത്തുനിന്ന്‌ പാലക്കാട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നേകാലോടെയായിരുന്നു സംഭവം

 

മരട് : എറണാകുളത്ത് യാത്രയ്ക്കിടെ അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ബസിൽ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കി കെഎസ്ആർടിസി ജീവനക്കാർ.തിരുവനന്തപുരത്തുനിന്ന്‌ പാലക്കാട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നേകാലോടെയായിരുന്നു സംഭവം. ദേശീയ പാതയിൽ കുണ്ടന്നൂരിനു സമീപം ബസ് എത്തിയപ്പോഴാണ് തിരുവനന്തപുരത്തുനിന്നു തൃശ്ശൂർക്ക് പോകുന്നതിന് ബസിൽ കയറിയ ദമ്പതിമാരുടെ പത്ത് മാസം പ്രായമായ കുഞ്ഞിന് അപസ്മാരമുണ്ടായത്. പനി ശക്തമായതോടെയാണ് അപസ്മാരമുണ്ടായത്. കണ്ടക്ടർ സുനിൽ പെട്ടെന്ന് തന്നെ ഡ്രൈവറെ കാര്യം ധരിപ്പിച്ചു. ഉടനെ ഡ്രൈവർ പ്രേമൻ ബസ് തിരിച്ച് വിപിഎസ് ലേക്‌ഷോറിലേക്ക് എത്തിച്ചു.

കെഎസ്ആർടിസി ബസ് ആശുപത്രി പരിസരത്തേക്ക് കടന്നുവരുന്നത് കണ്ടതോടെ ജീവനക്കാർ ഓടിയെത്തി. അവർ കുഞ്ഞിനെയുമെടുത്ത് അത്യാഹിത വിഭാഗത്തിലേക്ക് പാഞ്ഞു. ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യപ്രവർത്തകരുടെ സംഘം ഉടൻ ആവശ്യമായ പരിചരണം നൽകി കുഞ്ഞിന്‍റെ സുരക്ഷ ഉറപ്പാക്കി. തുടർ ചികിത്സയ്ക്കായി കുഞ്ഞ് ആശുപത്രിയിൽ പീഡിയാട്രിക് വിഭാഗത്തിലാണ് ഇപ്പോൾ.