മുതലാളിത്തത്തിന്റേയും സാമ്രാജ്യത്വത്തിന്റേയും നുകങ്ങളില്‍ നിന്നും മോചിതരാകാന്‍ കരുത്തു പകരുന്നതില്‍ അനന്യമായ പങ്കാണ് ഏംഗല്‍സ് വഹിച്ചിട്ടുള്ളത് : മുഖ്യമന്ത്രി

 

മാനവ ചരിത്രത്തെത്തന്നെ തിരുത്തിക്കുറിച്ച ധൈഷണികവും വിപ്ലകരവുമായ രാഷ്ട്രീയ സംഭാവനകള്‍ നല്‍കിയ മഹാനാണ് ഏംഗല്‍സെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുതലാളിത്തത്തിന്റേയും സാമ്രാജ്യത്വത്തിന്റേയും നുകങ്ങളില്‍ നിന്നും മോചിതരാകാന്‍ കരുത്തു പകരുന്ന പ്രത്യയശാസ്ത്രായുധം അധ്വാനിക്കുന്ന മനുഷ്യര്‍ക്കു സമ്മാനിച്ചതില്‍ അനന്യമായ പങ്കാണ് ഏംഗല്‍സ് വഹിച്ചിട്ടുള്ളത്.

മുതലാളിത്ത സമ്പദ് വ്യവസ്ഥയെ കുറിച്ച് അദ്ദേഹം നടത്തിയ പഠനങ്ങളുടെ പ്രസക്തി കാലാതിവര്‍ത്തിയാണ്. കാള്‍ മാര്‍ക്‌സിനൊപ്പം അദ്ദേഹം നടത്തിയ പഠനങ്ങളും പ്രവര്‍ത്തനങ്ങളുമാണ് റഷ്യന്‍ വിപ്ലവമുള്‍പ്പെടെയുള്ള സാമ്രാജ്യത്വ വിരുദ്ധ സോഷ്യലിസ്റ്റ് പോരാട്ടങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും അടിത്തറ പാകിയതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഏംഗല്‍സിന്റെ 127-ആം ചരമദിനത്തെ സ്മരിച്ചാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. 

കുറിപ്പിന്റെ പൂര്‍ണ രൂപം:-
ഇന്ന് ഫ്രെഡറിക് ഏംഗല്‍സിന്റെ 127-ആം ചരമദിനമാണ്. മാനവ ചരിത്രത്തെത്തന്നെ തിരുത്തിക്കുറിച്ച ധൈഷണികവും വിപ്ലകരവുമായ രാഷ്ട്രീയ സംഭാവനകള്‍ നല്‍കിയ മഹാനാണ് ഏംഗല്‍സ്. കാള്‍ മാര്‍ക്‌സിനൊപ്പം അദ്ദേഹം നടത്തിയ പഠനങ്ങളും പ്രവര്‍ത്തനങ്ങളുമാണ് റഷ്യന്‍ വിപ്ലവമുള്‍പ്പെടെയുള്ള സാമ്രാജ്യത്വ വിരുദ്ധ സോഷ്യലിസ്റ്റ് പോരാട്ടങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും അടിത്തറ പാകിയത്.

മുതലാളിത്തത്തിന്റേയും സാമ്രാജ്യത്വത്തിന്റേയും നുകങ്ങളില്‍ നിന്നും മോചിതരാകാന്‍ കരുത്തു പകരുന്ന പ്രത്യയശാസ്ത്രായുധംഅധ്വാനിക്കുന്ന മനുഷ്യര്‍ക്കു സമ്മാനിച്ചതില്‍ അനന്യമായ പങ്കാണ് ഏംഗല്‍സ് വഹിച്ചിട്ടുള്ളത്. മുതലാളിത്ത സമ്പദ് വ്യവസ്ഥയെ കുറിച്ച് അദ്ദേഹം നടത്തിയ പഠനങ്ങളുടെ പ്രസക്തി കാലാതിവര്‍ത്തിയാണ്.

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആഴത്തിലുള്ള ചിന്തകള്‍ മുന്നോട്ടു വച്ച ഏംഗല്‍സ് പരിസ്ഥിതി വിജ്ഞാനീയത്തിന്റെ മാര്‍ക്‌സിസ്റ്റ് ധാരയ്ക്ക് തുടക്കം കുറിച്ചു. ‘പ്രകൃതിയുടെ വൈരുദ്ധ്യത്മകത’ എന്ന വിഖ്യാത ഗ്രന്ഥത്തില്‍ ‘പ്രകൃതിയുടെ മേലുള്ള മനുഷ്യ വിജയങ്ങളുടെ പേരില്‍ നാം മതിമറന്ന് ഊറ്റം കൊള്ളരുത്’ എന്ന് അദ്ദേഹം രേഖപ്പെടുത്തി. ഭൂരിഭാഗം മനുഷ്യരേയും അവഗണിക്കുന്ന, മുതലാളിത്തത്തിന്റെ ലാഭക്കൊതി മാത്രം മുന്‍നിര്‍ത്തി നടക്കുന്ന അനിയന്ത്രിതവും അന്ധവുമായ പ്രകൃതിചൂഷണത്തിന്റെ ദുരന്തഫലങ്ങള്‍ അന്നു തന്നെ കൃത്യമായി ഏംഗല്‍സ് സൂചിപ്പിച്ചിരുന്നു.

ആഗോളതാപനമുള്‍പ്പെടെയുള്ള പാരിസ്ഥിതിക പ്രതിഭാസങ്ങള്‍ വെല്ലുവിളികളായി മാറുന്ന ഇക്കാലത്ത് ഏംഗല്‍സിന്റെ ചിന്തകളുടെ പ്രാധാന്യമേറുകയാണ്. അവ കൂടുതല്‍ ആഴത്തില്‍ പഠിക്കാനും വിപുലപ്പെടുത്താനും ലോകം തയാറാകേണ്ട ഘട്ടമാണിത്. മാനവവിമോചനത്തിനായി സ്വയം സമര്‍പ്പിച്ച ഏംഗല്‍സിന്റെ ഉജ്ജ്വലസ്മരണകള്‍ ആ പരിശ്രമങ്ങള്‍ കൂടുതല്‍ ആര്‍ജ്ജവത്തോടെ മുന്നോട്ടു കൊണ്ടുപോകാന്‍ ഏവര്‍ക്കും പ്രചോദനം പകരട്ടെ.