ഫസല്‍ വധക്കേസിലെ രക്തം പുരണ്ട തൂവാല കാണാതായ സംഭവം: സിജെഎം കോടതിയുടെ റിപ്പോര്‍ട്ട് തേടി കൊച്ചി സിബിഐ കോടതി
സിജെഎം കോടതിയുടെ കസ്റ്റഡിയില്‍ നിന്നാണ് രക്തംപുരണ്ട തൂവാല കാണാതായത്.
റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അന്വേഷണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കും.
ഫസല്‍ വധക്കേസിലെ തൊണ്ടിമുതലായ രക്തം പുരണ്ട തൂവാല കോടതിയില്‍ നിന്ന് കാണാതായ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി കൊച്ചി സിബിഐ കോടതി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയോടാണ് റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അന്വേഷണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കും.
സിജെഎം കോടതിയുടെ കസ്റ്റഡിയില്‍ നിന്നാണ് രക്തംപുരണ്ട തൂവാല കാണാതായത്. എലി കൊണ്ടുപോയെന്നാണ് തൂവാല ഉണ്ടായിരുന്ന കവറില്‍ എഴുതിയിരുന്നത്. എന്നാല്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് തെളിവായി കോടതി അംഗീകരിച്ചതിനാല്‍ തൂവാല നഷ്ടമായത് പ്രശ്നമല്ലെന്നാണ് സിബിഐയുടെ നിലപാട്.
തലശ്ശേരി ഫസല്‍ വധക്കേസിലെ നിര്‍ണായക തെളിവാണ് രക്തംപുരണ്ട തൂവാല. ധര്‍മ്മടം-അണ്ടല്ലൂര്‍ ഭാഗത്ത് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടിന് സമീപത്ത് നിന്നായിരുന്നു തൂവാല ലഭിച്ചത്. കൊലയുടെ ഉത്തരവാദിത്തം ആര്‍എസ്എസ് പ്രവര്‍ത്തകരിലേക്ക് എത്തിക്കാനായി ഗൂഢാലോചന നടത്തിയതിന്റെ തെളിവാണ് രക്തംപുരണ്ട തൂവാലയെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
മെയ് 12ന് ഹര്‍ജി പരിഗണിക്കവേ തൊണ്ടിമുതലായ ഈ തൂവാല ഹാജരാക്കാന്‍ സിബിഐ ആവശ്യപ്പെടുകയായിരുന്നു. എറണാകുളം സിജെഎം കോടതിയില്‍ സൂക്ഷിച്ച തൂവാലയടങ്ങിയ സീല്‍ വെച്ച കവര്‍ പ്രത്യേക സിബിഐ കോടതിയില്‍ എത്തിച്ചപ്പോഴാണ് തൂവാല കാണാതായത് മനസിലാകുന്നത്. കവറിന് മുകളില്‍ 'തൂവാല കാണുന്നില്ലെന്നും എലി കരണ്ട് കൊണ്ടുപോയി' എന്ന് എഴുതി വെച്ചിട്ടുണ്ടായിരുന്നു. കേസ് അട്ടിമറിക്കാന്‍ തൂവാല ആസൂത്രിതമായി എടുത്ത് മാറ്റിയെന്നാണ് സിബിഐ ആരോപിക്കുന്നത്.
2006 ഒക്ടോബര്‍ 22നാണ് എന്‍ഡിഎഫ് പ്രവര്‍ത്തകനായ മുഹമ്മദ് ഫസല്‍ കൊല്ലപ്പെട്ടത്. സിപിഐഎം പ്രവര്‍ത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍