കാസർക്കോട് സ്വദേശി ഫസൽ മുഹമ്മദിനെ വധിക്കാൻ ശ്രമിച്ച കേസ് ; ഭാര്യാ സഹോദരൻമാർക്കും സുഹൃത്തിനും തടവും പിഴയും ശിക്ഷ
ഒളവറ ഉടുമ്പുന്തല സ്വദേശി പുത്തൻപുരയിൽ ഹൗസിൽ ഫസൽ മുഹമ്മദെന്ന യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഭാര്യാ സഹോദരൻമാർക്കും സുഹൃത്തിനും തടവും പിഴയും ശിക്ഷ. സഹോദരങ്ങളെ 12 വർഷം കഠിന തടവിനും സുഹൃത്തിനെ 9 വർഷം കഠിന തടവിനും 5.60 ലക്ഷം രൂപ പിഴയടക്കാനുമാണ് തളിപ്പറമ്പ് അഡീ.സെഷൻസ് ജഡ്‌ജ് കെ. എൻ പ്രശാന്ത് ശിക്ഷ വിധിച്ചത്.
കാസർക്കോട് : ഒളവറ ഉടുമ്പുന്തല സ്വദേശി പുത്തൻപുരയിൽ ഹൗസിൽ ഫസൽ മുഹമ്മദെന്ന യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഭാര്യാ സഹോദരൻമാർക്കും സുഹൃത്തിനും തടവും പിഴയും ശിക്ഷ. സഹോദരങ്ങളെ 12 വർഷം കഠിന തടവിനും സുഹൃത്തിനെ 9 വർഷം കഠിന തടവിനും 5.60 ലക്ഷം രൂപ പിഴയടക്കാനുമാണ് തളിപ്പറമ്പ് അഡീ.സെഷൻസ് ജഡ്‌ജ് കെ. എൻ പ്രശാന്ത് ശിക്ഷ വിധിച്ചത്.സഹോദരങ്ങളായ പന്നിയൂർ പള്ളിവയലിലെ ബി. മുബാറക് (37), ബി. അബ്ദുല്ല (44), സുഹൃത്ത് പള്ളിവയലിലെ ഇബ്രാഹിം എന്ന ഉമ്പായി (44) എന്നിവരെയാണ് ശിക്ഷിച്ചത്.
2019 ജനുവരി 20ന് ഉച്ചകഴിഞ്ഞാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സഹോദരി ഷാഹിന കുട്ടികളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഫസൽ മുഹമ്മദെന്നയാളെ പ്രണയിച്ച് വിവാഹം ചെയ്‌ത വിരോധത്തിന് ഷാഹിനയുടെ സഹോദരങ്ങളായ മുബാറക്കും, അബ്‌ദുല്ലയും ഇബ്രാഹിം എന്ന ഉമ്പായി ഉൾപെടെയുള്ള സുഹൃത്തുക്കളുടെ സഹായത്തോടെ ഫസൽ മുഹമ്മദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. എഴുപേരാണ് ആദ്യം പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്. പിന്നിട് നാലുപേരെ ഒഴിവാക്കിയാണ് വിചാരണ പൂർത്തിയാക്കിയത്. ചൊവ്വാഴ്ച്ച പ്രതികളായ മൂന്നു പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
ബുധനാഴ്ച്ച വിധി പറയുന്നതിനായി മാറ്റി വയ്ക്കുകയായിരുന്നു. വധശ്രമം ഒഴിവാക്കി മറ്റു വിവിധ വകുപ്പുകളിലായി സഹോദരങ്ങളായ മുബാറക്കിനും അബ്ദുല്ലയ്ക്കും 12 വർഷവും, സുഹൃത്ത് ഇബ്രാഹിം എന്ന ഉമ്പായിക്ക് 9 വർഷവും കഠിന തടവും, 5.60 ലക്ഷം രൂപ പിഴയുമാണ് തളിപ്പറമ്പ് അഡീ.സെഷൻസ് ജഡ്‌ജ് കെ. എൻ പ്രശാന്ത് ശിക്ഷ വിധിച്ചത്.
പിഴത്തുകയിൽ 5 ലക്ഷം ഫസൽ മുഹമ്മദിന് നൽകണം. ഇതിന് തയ്യാറല്ലെങ്കിൽ ഒരുവർഷം കൂടി കഠിന തടവ് അനുഭവിക്കണം. കുറ്റക്കാരെന്ന് കണ്ടെത്തിയ ശേഷം ശിക്ഷയെക്കുറിച്ച് പ്രതികളോട് കോടതി നേരിട്ട് ചോദ്യങ്ങൾ ചോദിച്ചിരുന്നു. തടവ് ഒഴിവാക്കി പിഴ ശിക്ഷമാത്രം നൽകണമെന്നാണ് അഭിഭാഷകൻ മുഖേന മൂന്നുപേരും കോടതിയോട് അപേക്ഷിച്ചിരുന്നത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. യു. രമേശനാണ് ഹാജരായത്.