ഇടതുകോട്ട കുലുക്കി ഫാത്തിമ തഹ്ലിയ പറന്നുയർന്നത് ചരിത്രത്തിലേക്ക് ; ലീഗിലെ ആദ്യ വനിതാ എംഎൽഎ
ഇടതുകോട്ട കുലുക്കി ഫാത്തിമ തഹ്ലിയ പറന്നുയർന്നത് ചരിത്രത്തിലേക്ക് ; ലീഗിലെ ആദ്യ വനിതാ എംഎൽഎ
കേരളത്തിൽ 2026 നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സുനാമി കണ്ടപ്പോൾ ദൃശ്യമായത് മുന്നണിയുടെ ഏകോപനത്തിലെ വിജയം. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളൊന്നുമായി മുസ്ലീം ലീഗ് വിസ്മയിപ്പിച്ച തെരഞ്ഞെടുപ്പ് കൂടിയാണിത്.
കോഴിക്കോട് : കേരളത്തിൽ 2026 നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സുനാമി കണ്ടപ്പോൾ ദൃശ്യമായത് മുന്നണിയുടെ ഏകോപനത്തിലെ വിജയം. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളൊന്നുമായി മുസ്ലീം ലീഗ് വിസ്മയിപ്പിച്ച തെരഞ്ഞെടുപ്പ് കൂടിയാണിത്. ഇരുപതിലേറെ സീറ്റുകളിലാണ് ഇത്തവണ ലീഗിൻറെ വിജയം. എൽഡിഎഫിലെ ഏറ്റവും വലിയ പാർട്ടിയായ സിപിഎമ്മുമായി വിജയ സീറ്റുകളുടെ എണ്ണത്തിൽ നേരിയ വ്യത്യാസം മാത്രമേ ലീഗിനുള്ളൂ. മുസ്ലിം ലീഗിലെ ആദ്യ വനിതാ എംഎൽഎ ആയി ഫാത്തിമ തഹ്ലിയ എന്ന ചരിത്രം കൂടി സൃഷ്ട്ടിച്ചു. 5,087 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടതുകോട്ടയായ പേരാമ്പ്രയിൽ എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനെ തഹ്ലിയ തോൽപ്പിച്ചത്.
1999ൽ ഖമറുന്നിസ അൻവറിനും 2021ൽ നൂർബീന റഷീദിനും ശേഷം നിയമസഭയിലേക്ക് മത്സരിച്ച വനിതയാണ് ഫാത്തിമ തഹ്ലിയ. രണ്ടു വനിതകളാണ് ഇത്തവണ ലീഗിൻറെ സ്ഥാനാർഥിപ്പട്ടികയിൽ ഇടം നേടിയത്. കൂത്തുപറമ്പിൽ ജയന്തി രാജനും പേരാമ്പ്രയിൽ ഫാത്തിമ തഹ്ലിയയും.
കൂത്തുപറമ്പിൽ ആർജെഡി സ്ഥാനാർഥി പി.കെ. പ്രവീണിനെതിരേ ശക്തമായ പോരാട്ടം കാഴ്ചവച്ചാണ് ലീഗ് ദേശീയ അസി. സെക്രട്ടറിയുമായ ജയന്തി രാജൻ പരാജയപ്പെട്ടത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കുറ്റിച്ചിറ ഡിവിഷനിൽനിന്ന് കൗൺസിലറായ ഫാത്തിമ തഹ്ലിയയെ നിയമസഭാ തെരഞ്ഞെടുപ്പിലും സ്ഥാനാർഥിയായി രംഗത്തിറക്കിയത് ലീഗ് സർപ്രൈസ് തീരുമാനങ്ങളിൽ ഒന്നായിരുന്നു.