'രാജ്യത്തെ ഫാസിസ്റ്റ് ഭരണം അവസാനത്തോട് അടുക്കുകയാണ്, യുവാക്കൾ രാഷ്ട്രീയ ബോധമുള്ളവരാവകണം' : പ്രകാശ് രാജ് 

രാജ്യത്തെ ഫാസിസ്റ്റ് ഭരണം അവസാനത്തോട് അടുക്കുകയാണെന്നും, എന്നാൽ ഒരു ഫാസിസ്റ്റ് ശക്തിക്ക് പകരമായി മറ്റൊന്ന് അധികാരത്തിൽ വരാതിരിക്കാൻ യുവാക്കൾ കൃത്യമായ രാഷ്ട്രീയ അവബോധം വളർത്തിയെടുക്കണമെന്നും പ്രശസ്ത ചലച്ചിത്ര താരവും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്.

 

 തൃശൂർ : രാജ്യത്തെ ഫാസിസ്റ്റ് ഭരണം അവസാനത്തോട് അടുക്കുകയാണെന്നും, എന്നാൽ ഒരു ഫാസിസ്റ്റ് ശക്തിക്ക് പകരമായി മറ്റൊന്ന് അധികാരത്തിൽ വരാതിരിക്കാൻ യുവാക്കൾ കൃത്യമായ രാഷ്ട്രീയ അവബോധം വളർത്തിയെടുക്കണമെന്നും പ്രശസ്ത ചലച്ചിത്ര താരവും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്. തൃശൂരിൽ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംസാരിക്കവെയാണ് പ്രകാശ് രാജിന്റെ പ്രതികരണം. ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള യുവജന പ്രസ്ഥാനങ്ങൾക്കും യുവാക്കൾക്കും മുതിർന്നവർക്കും ഇതിൽ വലിയ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫാസിസ്റ്റ് ശക്തികളെ അധികാരത്തിൽ നിന്ന് താഴെയിറക്കുക എന്നത് മാത്രമല്ല ജനങ്ങളുടെ കടമയെന്നും, ബദൽ രാഷ്ട്രീയത്തെ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും പ്രകാശ് രാജ് ഓർമിപ്പിച്ചു. ഒരു ഫാസിസ്റ്റ് ഭരണകൂടം മാറുമ്പോൾ മറ്റൊരു രൂപത്തിൽ ഫാസിസം വീണ്ടും കടന്നുവരാതിരിക്കാൻ ഓരോ പൗരനെയും രാഷ്ട്രീയമായി ബോധവൽക്കരിക്കേണ്ടതുണ്ട്. ജനാധിപത്യ മൂല്യങ്ങളും ഭരണഘടനാ അവകാശങ്ങളും സംരക്ഷിക്കാൻ തുടർച്ചയായ പ്രതിരോധ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ ജനങ്ങളെ വർഗീയമായും പ്രാദേശികമായും വിഭജിച്ച് അധികാരം നിലനിർത്താൻ ശ്രമിക്കുന്ന രാഷ്ട്രീയ പ്രവണതകൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ സാംസ്കാരിക-കലാ പ്രവർത്തകരും മുന്നോട്ട് വരണമെന്ന് പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് വിയോജിപ്പുകളുടെ ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ശ്രമങ്ങൾ അധികകാലം വിജയിക്കില്ലെന്നും, ഭരണകൂട ഭീകരതയ്ക്കെതിരെ തെരുവുകളിൽ ഉയരുന്ന ശബ്ദങ്ങൾ ജനാധിപത്യം ഇപ്പോഴും ജീവനോടെയുണ്ട് എന്നതിന്റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു രാഷ്ട്രീയ മാറ്റം സംഭവിക്കുമ്പോൾ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളും ഭരണഘടനാ അവകാശങ്ങളും സംരക്ഷിക്കുന്ന ഒരു യഥാർത്ഥ ബദൽ നേതൃത്വമാണ് ഉയർന്നു വരേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു. കേവലം രാഷ്ട്രീയ അധികാര മാറ്റം മാത്രമല്ല, മറിച്ച് തുല്യതയും സൗഹാർദവും ഉറപ്പാക്കുന്ന ഒരു ജനകീയ ജനാധിപത്യ സംസ്കാരം വളർത്തിയെടുക്കാൻ താഴേത്തട്ടിലുള്ള ജനങ്ങളിലേക്ക് ബോധവൽക്കരണം എത്തിക്കുകയാണ് ഓരോ ഉത്തരവാദിത്തമുള്ള പൗരന്റെയും പ്രസ്ഥാനങ്ങളുടെയും കടമയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാർഥി പ്രക്ഷോഭങ്ങൾക്കും ജനകീയ മുന്നേറ്റങ്ങൾക്കും രാജ്യമെമ്പാടും പിന്തുണ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് പ്രകാശ് രാജിന്റെ പ്രതികരണം. കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കും ഫാസിസ്റ്റ് പ്രവണതകൾക്കുമെതിരെ നിരന്തരം തുറന്നടിക്കുന്ന നിലപാടാണ് താരം സ്വീകരിച്ചുവരുന്നത്. വിയോജിക്കാനുള്ള അവകാശവും സംവാദങ്ങളുമാണ് ജനാധിപത്യത്തിന്റെ അടിത്തറയെന്നും അതിനായി യുവസമൂഹം മുൻനിരയിൽ നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.