തൊഴിലാളികളുടെയും കർഷകരുടെയും പ്രക്ഷോഭങ്ങൾക്ക് മുന്നിൽ കേന്ദ്ര സർക്കാരിന് അടിയറവ് പറയേണ്ടി വരും ;  എളമരം കരീം

 

 തൊഴിലാളികളുടെയും കർഷകരുടെയും പ്രക്ഷോഭങ്ങൾക്ക് മുന്നിൽ കേന്ദ്ര സർക്കാരിന് അടിയറവ് പറയേണ്ടി വരുമെന്ന് സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം. സംയുക്ത കിസാൻ മോർച്ചയും ട്രേഡ് യൂണിയനുകളും ചേർന്ന് കോഴിക്കോട്ട് സംഘടിപ്പിച്ച രാജ്യവ്യാപക ‘ജയിൽ നിറയ്ക്കൽ’ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല തൊഴിലിടങ്ങളിലും ജോലി സമയം ദീർഘിപ്പിച്ചതായും, മിനിമം വേതനം പുതുക്കാതെ തൊഴിലാളി സമരങ്ങളെ പോലീസ് ശക്തി ഉപയോഗിച്ച് അടിച്ചമർത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സ്വാമിനാഥൻ കമ്മീഷൻ ശിപാർശ പ്രകാരമുള്ള താങ്ങുവില ഉറപ്പാക്കുക, സ്വതന്ത്ര വ്യാപാര കരാറുകളും പുതിയ തൊഴിൽ കോഡുകളും പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം ശക്തമാക്കുന്നത്. മനുഷ്യന്റെ അധ്വാനത്തെ ഭരണകൂടം വിലകുറച്ച് കാണരുതെന്നും, കർഷകരുടെയും തൊഴിലാളികളുടെയും അധ്വാനമാണ് രാജ്യപുരോഗതിയുടെ അടിസ്ഥാനമെന്നും എളമരം കരീം കൂട്ടിച്ചേർത്തു.