ശബരിമലയിൽ പുലാവിന് വിട; അന്നദാനത്തിന് ഇനി പായസമടക്കം വിഭവസമൃദ്ധമായ കേരള സദ്യ
മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് തുടക്കമായ ചൊവ്വാഴ്ച മുതൽ സന്നിധാനത്തെ അന്നദാനത്തിൽ ഭക്തർക്കായി പരമ്പരാഗത കേരള സദ്യ വിളമ്പിത്തുടങ്ങി. മുൻവർഷങ്ങളിൽ അന്നദാനമായി നൽകിയിരുന്ന പുലാവിന് പകരമാണ് ഈ തീർഥാടന കാലം മുതൽ പായസമടക്കമുള്ള വിഭവസമൃദ്ധമായ സദ്യ നൽകിത്തുടങ്ങിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരെ കൂടി പരിഗണിച്ചായിരുന്നു മുൻവർഷങ്ങളിൽ പുലാവ് വിതരണം ചെയ്തിരുന്നത്.
ശബരിമല: മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് തുടക്കമായ ചൊവ്വാഴ്ച മുതൽ സന്നിധാനത്തെ അന്നദാനത്തിൽ ഭക്തർക്കായി പരമ്പരാഗത കേരള സദ്യ വിളമ്പിത്തുടങ്ങി. മുൻവർഷങ്ങളിൽ അന്നദാനമായി നൽകിയിരുന്ന പുലാവിന് പകരമാണ് ഈ തീർഥാടന കാലം മുതൽ പായസമടക്കമുള്ള വിഭവസമൃദ്ധമായ സദ്യ നൽകിത്തുടങ്ങിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരെ കൂടി പരിഗണിച്ചായിരുന്നു മുൻവർഷങ്ങളിൽ പുലാവ് വിതരണം ചെയ്തിരുന്നത്. എന്നാൽ, ശബരിമലയിൽ എത്തുന്ന അന്യസംസ്ഥാന ഭക്തർക്ക് കേരളത്തിന്റെ തനത് രുചിഭേദങ്ങൾ നേരിട്ടറിയാനുള്ള മികച്ചൊരു അനുഭവമാകട്ടെ സദ്യയെന്ന ലക്ഷ്യത്തോടെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഈ മാറ്റം കൊണ്ടുവന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറാണ് സദ്യ നൽകുന്ന കാര്യം നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
വാഴയിലയിൽ സദ്യ വിളമ്പുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നതെങ്കിലും, പ്രായോഗിക സൗകര്യാർത്ഥം നിലവിൽ പ്ലേറ്റുകളിലാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. പായസവും തനത് കേരളീയ വിഭവങ്ങളും ഉൾപ്പെടുന്ന സദ്യയിൽ അയ്യപ്പഭക്തർ പൂർണ്ണ സംതൃപ്തി രേഖപ്പെടുത്തി. മികച്ച സദ്യയാണ് ലഭിച്ചതെന്നും ഈ മാറ്റം ഏറെ സന്തോഷകരമാണെന്നും തീർഥാടകർ മാധ്യമങ്ങളോട് പ്രതികരിച്ചു. മണ്ഡല-മകരവിളക്ക് തീർഥാടനം അവസാനിക്കുന്നത് വരെ അന്നദാനത്തിന് സദ്യ തുടരുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.