കുടുംബ വഴക്ക് ; ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

ഒളിവില്‍ പോയ ഭര്‍ത്താവ് ലൈജുവിനെ കണ്ടെത്തുന്നതിനായി കുറുപ്പംപടി പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

കീഴില്ലത്തെ ഒരു ഹോട്ടലില്‍ വെച്ചാണ് സംഭവം നടന്നത്.

പെരുമ്പാവൂര്‍ കീഴില്ലത്ത് കുടുംബ വഴക്കിനെ തുടര്‍ന്നു ഭര്‍ത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കീഴില്ലം സ്വദേശിനിയായ ബിജിമോള്‍ (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഭര്‍ത്താവ് ലൈജുവിനെ കണ്ടെത്തുന്നതിനായി കുറുപ്പംപടി പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കീഴില്ലത്തെ ഒരു ഹോട്ടലില്‍ വെച്ചാണ് സംഭവം നടന്നത്. ദമ്പതികള്‍ക്കിടയില്‍ രൂക്ഷമായ വാക്കുതര്‍ക്കം ഉണ്ടായി. തര്‍ക്കത്തിനിടെ പ്രകോപിതനായ ലൈജു, ബിജിമോള്‍ കഴുത്തില്‍ ധരിച്ചിരുന്ന ഷാള്‍ ഉപയോഗിച്ച് മുറുക്കിയെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് ഇയാള്‍ ഹോട്ടലില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.

സംഭവ സമയത്ത് ദമ്പതികളുടെ മകന്‍ കൂടെ ഉണ്ടായിരുന്നില്ല. പുറത്തു പോയിരുന്ന മകന്‍ തിരിച്ചെത്തിയപ്പോഴാണ് അമ്മ അബോധാവസ്ഥയില്‍ കിടക്കുന്നത് കാണുന്നത്. ഉടന്‍ ഹോട്ടല്‍ അധികൃതരെ അറിയിക്കുകയും ബിജിമോളെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുറുപ്പംപടി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.