ജനങ്ങളായിരുന്നു അപ്പയുടെ കുടുംബം , രാത്രി രണ്ടുമണിക്ക് ശേഷവും ഫയലുകൾ പരിശോധിച്ച് ഒപ്പിടും;അപ്പയുടെ  ഓർമയിൽ ചാണ്ടി ഉമ്മൻ

അച്ഛനും മകനുമെന്നതിനപ്പുറം വൈകാരിക അടുപ്പമായിരുന്നു ഉമ്മൻ ചാണ്ടിയും ചാണ്ടി ഉമ്മനും തമ്മിൽ. രണ്ട് വർഷം പിന്നിടുമ്പോഴും ആ അച്ഛൻ മലയാളികൾക്ക് അനുഭവവേദ്യമാക്കിയ വഴിയേ ആണ് ചാണ്ടിയുടെ സഞ്ചാരം.

 

അച്ഛനും മകനുമെന്നതിനപ്പുറം വൈകാരിക അടുപ്പമായിരുന്നു ഉമ്മൻ ചാണ്ടിയും ചാണ്ടി ഉമ്മനും തമ്മിൽ. രണ്ട് വർഷം പിന്നിടുമ്പോഴും ആ അച്ഛൻ മലയാളികൾക്ക് അനുഭവവേദ്യമാക്കിയ വഴിയേ ആണ് ചാണ്ടിയുടെ സഞ്ചാരം. മനുഷ്യപ്പറ്റിന്റെ ജനകീയ പ്രശ്നങ്ങളുടെ ആൾക്കൂട്ടത്തിന്റെ സ്നേഹശാസനകളുടെ വഴി. അത് ഉമ്മൻചാണ്ടിയുടെ വഴിതന്നെ.

ജനങ്ങളായിരുന്നു അപ്പയുടെ കുടുംബമെന്ന് ചാണ്ടി പറയും, “ജനങ്ങൾക്കൊപ്പമായിരുന്നു ആ ജീവിതം. അവർക്കിടയിലൂടെയുള്ള ജീവിതയാത്ര അവസാനിച്ച് രണ്ട് വർഷം പിന്നി ടുന്നുവെന്ന യാഥാർഥ്യം ഉൾക്കൊള്ളുമ്പോഴും അപ്പ കൂടെയില്ലെന്ന തോന്നൽ ഇക്കാലമത്രയും ഉണ്ടായിട്ടില്ല. അപ്പ സ്നേഹിച്ചതും അപ്പയെ സ്നേഹിച്ചതുമായ ജനങ്ങൾ ഇന്നും വീട്ടിലെത്തുകയും, കല്ലറയിലെത്തി പ്രാർഥിക്കുകയും ചെയ്യുന്നത് കാണുമ്പോൾ ആ ജനങ്ങളിലൂടെ അപ്പ ഇന്നും ജീവിക്കുന്നുവെന്ന് തന്നെ വേണം കരുതാൻ”- ചാണ്ടി പറയുന്നു.

എന്നും പുലർച്ചെ പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കബറിടത്തിലെത്തി പ്രാർഥിച്ച് അനുഗ്രഹം തേടിയാണ് ചാണ്ടി ഉമ്മന്റെ ഒരു ദിവസത്തെ തുടക്കം. ഏറ്റവുമൊടുവിൽ തിരിച്ചെത്തുമ്പോഴും ആ കല്ലറയിലെത്തിയാണ് വീട്ടിലേയ്ക്കുള്ള മടക്കം. കബറടക്കത്തിന് പിറ്റേന്ന് തുടങ്ങിയ ആ ശീലം ഇന്നും മുടങ്ങാതെ തുടരുന്നു. അപ്പയെക്കുറിച്ച് പറയുമ്പോൾ വീട്ടുമുറ്റത്ത് പായ വിരിച്ച് അതിലിരുത്തി തന്നെ ആദ്യക്ഷരം കുറിപ്പിച്ചതുമുതലുള്ള കാര്യങ്ങൾ ഇന്നലെയെന്ന പോലെ ചാണ്ടിയുടെ മനസ്സിലോടിയെത്തും.

“അപ്പ വീട്ടിലെത്തുമ്പോൾ ചുറ്റുമുള്ള ആൾക്കൂട്ടം കണ്ടായിരുന്നു കുട്ടിക്കാലം മുതലുള്ള വളർച്ച. തുടക്ക അതിൽ ഞങ്ങൾ തമ്മിൽ അകലമായിരുന്നു. മുഴുവൻ സമയവും അപ്പ വീട്ടിലുണ്ടായിരുന്ന ഒരു ദിവസം പോലും കുട്ടിക്കാലത്ത് എനിക്കുണ്ടായിട്ടില്ല. എന്നാൽ അതിൽ പരിഭവമൊന്നുമില്ല. രണ്ട് വയസ്സുള്ളപ്പോൾ ഒരു ഹർത്താൽ ദിനത്തിലാണ് അപ്പയുമായി കൂടുതൽ അടുപ്പത്തിലാകുന്നത്. അന്നാദ്യമായാണ് മനസ്സമാധാനത്തോടെ അപ്പയെ വീട്ടിൽ കിട്ടിയത്. 91- ൽ രാജീവ് ഗാന്ധിയെ കാണാൻ അപ്പയാണ് കൊണ്ടുപോയത്, അന്ന് അപ്പ മന്ത്രിയായിരു ന്നു"- ചാണ്ടി ഓർക്കുന്നു.

മന്ത്രിയായിരിക്കുമ്പോഴും അല്ലാത്തപ്പോഴും വീട്ടിൽ എപ്പോഴും വിവിധ ആവശ്യങ്ങൾക്കെത്തുന്ന ആളുകളുടെ ബഹളമാണ്. മുഖ്യമന്ത്രി ആയപ്പോൾ സത്യപ്രതിജ്ഞ കാണാൻ പോയി. അപ്പ എപ്പോഴും യാത്രകളിലായിരിക്കും. നിർത്താതെയുള്ള ആ യാത്രകളിൽ പ്രവർത്തകരും ഒപ്പമുണ്ടാകും. കൂടെ ആളില്ലാത്ത അപ്പയെ കണ്ട ഓർമ്മപോലും തനിക്കില്ല. ശാരീരികമായി അപ്പ ഇന്നില്ലെങ്കിലും അപ്പ യുടെ സ്വർഗ്ഗീയ ഇടപെടലുകൾ എല്ലാ കാര്യ ങ്ങളിലുമുണ്ടെന്ന് ചാണ്ടിക്ക് ഉറച്ച വിശ്വാസമാണ്.