കുടുംബാധിഷ്ഠിത സംരക്ഷണം 500 കുട്ടികൾക്ക് 2 വർഷത്തിനകം സാധ്യമാക്കി:മന്ത്രി വീണാ ജോർജ്

കുടുംബാധിഷ്ഠിത സംരക്ഷണം 500 കുട്ടികൾക്ക് 2 വർഷത്തിനകം സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സാധ്യമാക്കിയതായി ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. രാജ്യത്ത് ഏറ്റവും കൂടുതൽ കുടുംബാധിഷ്ഠിത പരിചരണം ഉറപ്പാക്കിയ സംസ്ഥാനമാണ് കേരളം

 

കുടുംബാധിഷ്ഠിത സംരക്ഷണം 500 കുട്ടികൾക്ക് 2 വർഷത്തിനകം സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സാധ്യമാക്കിയതായി ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. രാജ്യത്ത് ഏറ്റവും കൂടുതൽ കുടുംബാധിഷ്ഠിത പരിചരണം ഉറപ്പാക്കിയ സംസ്ഥാനമാണ് കേരളം. ബാലസുരക്ഷിത കേരളം നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. മികച്ച പ്രവർത്തനം നടത്തിയതിന് സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ കാവൽ പ്ലസ് പദ്ധതിയെ സുപ്രീംകോടതി പ്രത്യേകം അഭിനന്ദിച്ചു. ഓരോ കുഞ്ഞും സമൂഹത്തിന്റെ സമ്പത്താണ്. അവർ നല്ല നിലയിൽ വളർന്നു വരിക എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. നമ്മുടെ കുഞ്ഞുങ്ങൾ എവിടെയായാലും സുരക്ഷിതമായിരിക്കണമെന്നും മന്ത്രി പറഞ്ഞു. വർണ്ണച്ചിറകുകൾ ചിൽഡ്രൻസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഉജ്ജ്വലബാല്യം പുരസ്‌കാരവും മന്ത്രി വിതരണം ചെയ്തു.

ഓരോ കുഞ്ഞും വ്യത്യസ്ഥമാണ്. അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കണം. ഒരു കുഞ്ഞിനെ മറ്റൊരു കുഞ്ഞുമായും താരതമ്യം ചെയ്യാൻ പാടില്ല. മുതിർന്നവരുടെ ഇഷ്ടം അനുസരിച്ചല്ല കുഞ്ഞുങ്ങളെ വളർത്തേണ്ടത്. അവരുടെ താൽപര്യങ്ങളും കഴിവുകളും തിരിച്ചറിഞ്ഞ് അവർക്ക് വേണ്ട അന്തരീക്ഷമൊരുക്കുകയാണ് വേണ്ടത്. ഒന്നും പ്രതിസന്ധിയല്ല ആത്മാർത്ഥമായി പരിശ്രമിച്ചാൽ അത് നേടാവുന്നതാണ്.

ചിൽഡ്രൻസ് ഫെസ്റ്റിൽ ഈ വർഷം സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളിലെ കുട്ടികൾക്ക് പുറമേ നിർഭയ പദ്ധതിയുടെ കീഴിൽ പ്രവർത്തിക്കുന്ന എൻട്രി ഹോമുകളിലെയും, മോഡൽ ഹോമിലെയും, മെന്റൽ ഹെൽത്ത് ഹോമിലെയും കുട്ടികളേയും, ഉൾപ്പെടുത്തി 22 മത്സരയിനങ്ങളിലായി ആയിരത്തോളം പേരാണ് ചിൽഡ്രൻസ് ഫെസ്റ്റിൽ പങ്കെടുക്കുന്നത്. കുട്ടികൾ സ്റ്റേറ്റ് തലത്തിൽ കടന്ന് വരിക എന്നത് വലിയ കാര്യമാണ്. പ്രതിസന്ധികൾക്ക് മുമ്പിൽ തളർന്ന് പോകരുത്.

2017 ലാണ് വനിതാ ശിശു വികസന വകുപ്പ് രൂപീകരിച്ചത്. 2021-22 ൽ പൂർണമായും സ്വതന്ത്രമായ വകുപ്പായി. കുട്ടികളുടെയും സ്ത്രീകളുടെയും വികസനത്തിന് വനിതാ ശിശു വികസന വകുപ്പ് വിവിധങ്ങളായ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. രാജ്യത്തെ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തിലാണ്. ശിശുമരണ നിരക്ക് അഞ്ചിൽ എത്തിക്കാൻ കേരളത്തിന് കഴിഞ്ഞു. അമേരിക്കയെക്കാളും കുറഞ്ഞ ശിശുമരണ നിരക്കാണിത്.

നിർഭയ സെല്ലിന്റെ ഭാഗമായി കുട്ടികൾ ഉണ്ടാക്കുന്ന ഉത്പന്നങ്ങൾക്കായി ഉയരേ പദ്ധതി ആരംഭിച്ചു. അഭിമാനത്തോടെ കാണുന്ന ഒരു പദ്ധതിയാണ് ഇതെന്നും മന്ത്രി പറഞ്ഞു. വനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡയറക്ടർ ഹരിത വി കുമാർ, ചലച്ചിത്ര താരം മീനാക്ഷി അനൂപ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി, അഡീഷണൽ ഡയറക്ടർ ബിന്ദു ഗോപിനാഥ്, സിഡബ്ല്യുസി ചെയർമാൻ ഡോ. മോഹൻ രാജ്, മുൻ വൈസ് ചാൻസലർ ഡോ. എം കെ സി നായർ, ഗവ. വിമൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. പി ഉമാ ജ്യോതി എന്നിവർ പങ്കെടുത്തു.