സ്ഥാനാര്‍ത്ഥിക്കെതിരെ വ്യാജപ്രചാരണം; പരാതി നല്‍കി

സാമൂഹികമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വേങ്ങരയിലെ യുഡിഎഫ്

 

അപഹസിക്കുന്നവിധം കറുത്ത തുണികൊണ്ട് മുഖംമൂടിയ സ്ത്രീയുടെ ചിത്രവും മൈമൂന ജനവിധി തേടുന്ന കോണി ചിഹ്നവുമുള്ള വ്യാജ പോസ്റ്ററാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്.


സ്ഥാനാര്‍ത്ഥിയെ സാമൂഹികമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വേങ്ങരയിലെ യുഡിഎഫ് നേതൃത്വം. വേങ്ങര ഗ്രാമപ്പഞ്ചായത്തിലെ 12ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എന്‍ ടി മൈമൂനയെ സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തിലാണ് പരാതി. നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്ഥാനാര്‍ത്ഥിയും പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയും പൊലീസിനും വരണാധികാരിക്കും പരാതി നല്‍കി.

അപഹസിക്കുന്നവിധം കറുത്ത തുണികൊണ്ട് മുഖംമൂടിയ സ്ത്രീയുടെ ചിത്രവും മൈമൂന ജനവിധി തേടുന്ന കോണി ചിഹ്നവുമുള്ള വ്യാജ പോസ്റ്ററാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി ആവശ്യം ഉയര്‍ന്നത്.

പോസ്റ്റര്‍ സംസ്ഥാനത്തിനകത്തും പുറത്തും പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വ്യാപകമായി മലപ്പുറം ജില്ലയേയും ജില്ലയിലെ സ്ത്രീ സമൂഹത്തേയും അപകീര്‍ത്തിപെടുത്താനും മതസൗഹൃദ അന്തരീക്ഷം തകര്‍ക്കാനും വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാലാണ് പരാതിനല്‍കിയതെന്ന് യുഡിഎഫ് ഭാരവാഹികള്‍ പറഞ്ഞു.