ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാമെന്ന പേരില്‍ വ്യാജ ടിവി ആപ്ലിക്കേഷനുകള്‍ വഴി നടക്കുന്ന സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്

ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ പോലുള്ള ഔദ്യോഗിക പ്ലാറ്റ്ഫോമുകളില്‍ നിന്ന് മാത്രം ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുക.

 

ഫിഫ ലോകകപ്പ് മത്സരങ്ങള്‍ കാണുന്നതിനായി സാമൂഹ്യമാധ്യമങ്ങളിലൂടെ ലഭിക്കുന്ന ലിങ്കുകളില്‍ നിന്നുള്ള ഒരു APK ഫയലുകളും ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്.

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുടെ പശ്ചാത്തലത്തില്‍ വ്യാജ ടിവി ആപ്ലിക്കേഷനുകള്‍ വഴി നടക്കുന്ന സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പോലീസ്. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ടെലിഗ്രാം, വാട്‌സാപ്പ്, യൂട്യൂബ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെ ഫുട്‌ബോള്‍ ആരാധകരെ ലക്ഷ്യമിട്ടാണ് ഇത്തരം തട്ടിപ്പുകള്‍ വ്യാപകമായി നടക്കുന്നത്.
'FIFA World Cup ലൈവ് ഫ്രീ', '1000+ ടിവി ചാനലുകള്‍ സൗജന്യം', 'പ്രീമിയം OTT ഉള്ളടക്കം ഫ്രീ', 'പരസ്യങ്ങളില്ലാതെ സിനിമകളും മത്സരങ്ങളും' തുടങ്ങിയ ആകര്‍ഷകമായ പരസ്യങ്ങള്‍ നല്‍കിയാണ് തട്ടിപ്പുകാര്‍ ആളുകളെ ആകര്‍ഷിക്കുന്നത്. ഇതിന്റെ മറവില്‍ HZ TV, OPEN TV, NB TV, MAX TV, XM TV, TUBI TV തുടങ്ങിയ പേരുകളില്‍ ഔദ്യോഗിക ആപ്ലിക്കേഷനുകള്‍ എന്ന് തോന്നിപ്പിക്കുന്ന വ്യാജ APK ഫയല്‍ ഡൗണ്‍ലോഡ് ലിങ്കുകള്‍ പ്രചരിപ്പിക്കുന്നു.
ഈ ആപ്ലിക്കേഷനുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം, 'Update Required', 'Activate Subscription', 'Enable Service' തുടങ്ങിയ സന്ദേശങ്ങള്‍ കാണിച്ചുകൊണ്ട് ഫോണിന്റെ Accessibility Service, Screen Overlay, Notification Access തുടങ്ങിയ നിര്‍ണ്ണായകമായ അനുമതികള്‍ കൈക്കലാക്കുന്നു. ഇതോടെ ഫോണിന്റെ സുരക്ഷാ സംവിധാനങ്ങള്‍ ദുര്‍ബലപ്പെടുകയും ഫോണിന്റെ പൂര്‍ണ്ണ നിയന്ത്രണം തട്ടിപ്പുകാരുടെ കൈകളിലാവുകയും ചെയ്യും. തുടര്‍ന്ന് ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ ഫോണിലെ യുപിഐ (UPI) ആപ്ലിക്കേഷനുകളിലേക്ക് പ്രവേശിച്ച് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടിയെടുക്കുന്നതാണ് ഇവരുടെ രീതി.

പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍:
ഫിഫ ലോകകപ്പ് മത്സരങ്ങള്‍ കാണുന്നതിനായി സാമൂഹ്യമാധ്യമങ്ങളിലൂടെ ലഭിക്കുന്ന ലിങ്കുകളില്‍ നിന്നുള്ള ഒരു APK ഫയലുകളും ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്.
ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ പോലുള്ള ഔദ്യോഗിക പ്ലാറ്റ്ഫോമുകളില്‍ നിന്ന് മാത്രം ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുക.
'Free Premium Subscription', 'Unlimited Sports Access', 'Watch All Matches Free' തുടങ്ങിയ വ്യാജ വാഗ്ദാനങ്ങള്‍ വിശ്വസിക്കരുത്.
ഫോണിന്റെ Accessibility Service, Install Unknown Apps, Screen Control തുടങ്ങിയ അനുമതികള്‍ ആവശ്യപ്പെടുന്ന ആപ്ലിക്കേഷനുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക.
ബാങ്കിംഗ്, യുപിഐ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുമ്പോള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കൃത്യമാണെന്ന് പരിശോധിക്കുക.
സംശയാസ്പദമായ ലിങ്കുകള്‍ കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ യാതൊരു കാരണവശാലും ഫോര്‍വേഡ് ചെയ്യരുത്.

സൈബര്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഒട്ടും സമയം കളയാതെ ഉടന്‍ തന്നെ 1930 എന്ന സൈബര്‍ ഹെല്‍പ്പ്ലൈന്‍ നമ്പറിലോ, https://cybercrime.gov.in എന്ന ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലോ പരാതി രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രവീണ്‍ എസ്. ആര്‍. അറിയിച്ചു.