പയ്യന്നൂരിൽ കള്ളവോട്ട് ചെയ്യുന്നതിനായി വ്യാജ ആധാർ കാർഡ് നിർമ്മാണമെന്ന് പരാതി: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ അടിയന്തിര റിപ്പോർട്ട് തേടി
കള്ളവോട്ട് ചെയ്യുന്നതിനായിപയ്യന്നൂരിൽ വ്യാജ ആധാർ കാർഡ് നിർമ്മാണം നടക്കുന്നുവെന്ന പരാതിയിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി.
കണ്ണൂർ: കള്ളവോട്ട് ചെയ്യുന്നതിനായിപയ്യന്നൂരിൽ വ്യാജ ആധാർ കാർഡ് നിർമ്മാണം നടക്കുന്നുവെന്ന പരാതിയിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി. കോൺഗ്രസ് നൽകിയ പരാതിയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർരത്തൻ യു ഖേൽക്കർ അടിയന്തര റിപ്പോർട്ട് തേടി. കണ്ണൂർജില്ലാ കളക്ടറോടാണ് അടിയന്തരമായി റിപ്പോർട്ട് നൽകാൻ തെരഞ്ഞെടുപ്പ് ഓഫീസർ നിർദേശിച്ചത്. റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.
കെപിസിസി നൽകിയ പരാതിയിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടി. പയ്യന്നൂർ, കല്യാശേരി മണ്ഡലങ്ങളിൽ വ്യാപകമായി ഇരട്ട വോട്ട് ചേർത്തെന്നും പരാതിയിൽ പറയുന്നുണ്ട്.പയ്യന്നൂരിൽ വ്യാജ ആധാർ കാർഡുകളുണ്ടാക്കുന്നുണ്ടെന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പയ്യന്നൂരിൽ നടന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ ആരോപിച്ചിരുന്നു. വ്യാജ ആധാർ കാർഡ് നിർമ്മാണം നടക്കുന്നത് സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസിന്റെ മൂന്നാം നിലയിലാണെന്നാണ് കെ സി വേണുഗോപാൽ പറഞ്ഞത്. പരാജയഭീതിയിൽ സിപിഎം പഴയ തന്ത്രങ്ങൾ പുറത്തെടുക്കുന്നുവെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
സിപിഎം വിറളി പൂണ്ടിരിക്കുന്നുവെന്നും ടി പി ചന്ദ്രശേഖരന്റെ അനുഭവം ഓർമിപ്പിച്ച് കൊണ്ടാണ് തെരഞ്ഞെടുപ്പിനെ നേരിടാൻ സിപിഎം തയ്യാറെടുക്കുന്നതെന്നും കെ സി വേണുഗോപാൽ ആരോപിച്ചു. ഇതിൻ്റെ തെളിവുകൾ ഹാജരാക്കാൻ തയ്യാറാണെന്ന് കെ.സി വേണുഗോപാൽ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് കെ പി സി സി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകിയത്.