ഫൈസ, ഗോറി എന്നീ ഫെയ്സ് ക്രീമുകള്‍ ഉപയോഗിക്കരുത് ; മെർക്കുറിയുടെ അളവ് കൂടുതലെന്ന്  ഡ്രഗ്‌സ് കൺട്രോൾ വകുപ്പ്

ഫൈസ, ഗോറി എന്നീ ഫെയ്സ് ക്രീമുകള്‍ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ് നല്‍കി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്. പാകിസ്താന്‍ നിര്‍മ്മിത ഫെയ്സ് ക്രീമില്‍ മെര്‍ക്കുറിയുടെ സാന്നിധ്യം അധികമാണെന്നാണ് കണ്ടെത്തല്‍.

 

 തിരുവനന്തപുരം: ഫൈസ, ഗോറി എന്നീ ഫെയ്സ് ക്രീമുകള്‍ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ് നല്‍കി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്. പാകിസ്താന്‍ നിര്‍മ്മിത ഫെയ്സ് ക്രീമില്‍ മെര്‍ക്കുറിയുടെ സാന്നിധ്യം അധികമാണെന്നാണ് കണ്ടെത്തല്‍. ഈ ക്രീമുകളുടെ വില്‍പ്പന നിരോധിക്കണമെന്നും സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വകുപ്പ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. അതിനിടെ വൃക്ക രോഗത്തിന് കാരണമായ എഫ് ട്യൂണ്‍ ഫെയ്സ് ക്രീമിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. 

ഡ്രഗ്സ് കൺട്രോൾ വകുപ്പും പൊലീസും സംയുക്തമായി കാസർകോട്ടെ വിവിധ മേഖലകളിൽ പരിശോധന നടത്തി. സൈബർ സെല്ലിന്റെ സഹായത്തോടെ ഉറവിടം കണ്ടെത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്. കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർ നിർബന്ധമായും ബില്ല് ചോദിച്ചു വാങ്ങണമെന്നും നിർദ്ദേശമുണ്ട്. പർച്ചേസ് ബില്ലുകൾ ഇല്ലാതെ വ്യാപാരികൾ സൗന്ദര്യവർദ്ധക വസ്തുക്കൾ വിൽക്കാൻ പാടില്ല.

അതേസമയം, വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കള്‍ കണ്ടെത്താന്‍ ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി പരിശോധനകള്‍ വ്യാപകമാക്കിയിട്ടുണ്ട്. തൃശ്ശൂരിൽ 18000 രൂപ വിലവരുന്ന വ്യാജ ഹെയർ ഡൈകൾ പിടിച്ചെടുത്തു. മലപ്പുറം തിരൂരിൽ 80000 രൂപ വിലവരുന്ന വ്യാജ കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.