മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിന് വിപുലമായ കർമപദ്ധതി; മന്ത്രി ഷിബു ബേബി ജോൺ

മനുഷ്യ-വന്യജീവി സംഘർഷം ഫലപ്രദമായി നിയന്ത്രിക്കുന്നതിനും വന്യജീവി സംരക്ഷണവും ജനസുരക്ഷയും ഉറപ്പാക്കുന്നതിനുമായി കേരള വനം വകുപ്പ് 100 ദിന കർമപരിപാടി നടപ്പിലാക്കുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു. തിരുവനന്തപുരത്ത് വനം വകുപ്പ് ആസ്ഥാനത്ത് വാർത്താസമ്മേളനത്തിലാണ് അദ്ദേഹം പദ്ധതികൾ വിശദീകരിച്ചത്.

 

മനുഷ്യ-വന്യജീവി സംഘർഷം ഫലപ്രദമായി നിയന്ത്രിക്കുന്നതിനും വന്യജീവി സംരക്ഷണവും ജനസുരക്ഷയും ഉറപ്പാക്കുന്നതിനുമായി കേരള വനം വകുപ്പ് 100 ദിന കർമപരിപാടി നടപ്പിലാക്കുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു. തിരുവനന്തപുരത്ത് വനം വകുപ്പ് ആസ്ഥാനത്ത് വാർത്താസമ്മേളനത്തിലാണ് അദ്ദേഹം പദ്ധതികൾ വിശദീകരിച്ചത്.

സംസ്ഥാനത്ത് നിലവിലുള്ള 2,000 കിലോമീറ്റർ സൗരോർജ വേലികൾ പൂർണ പ്രവർത്തനക്ഷമമാക്കുന്നതിനോടൊപ്പം 100 കിലോമീറ്റർ പുതിയ സൗരോർജ വേലികളും 100 ദിവസത്തിനുള്ളിൽ സ്ഥാപിക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1,900 കിലോമീറ്റർ സൗരോർജ  വേലികൾ കൂടി പുതുതായി നിർമ്മിക്കുമെന്നും മന്ത്രി അറിയിച്ചു. സൗരവേലികൾക്കായി കേന്ദ്രീകൃത നിരീക്ഷണ സംവിധാനവും ഓട്ടോമാറ്റിക് ഫാൾട്ട് ഡിറ്റക്ഷൻ സംവിധാനവും സജ്ജമാക്കും.

വനമേഖലയോട് ചേർന്ന റോഡുകളിലെ അപകടസാധ്യത കുറയ്ക്കുന്നതിനായി 100 കിലോമീറ്റർ ദൂരത്തിൽ 'വിസ്ത ക്ലിയറൻസ്' നടപ്പാക്കും. റോഡുകളുടെ ഇരുവശങ്ങളിലുമുള്ള അടിക്കാടുകൾ വെട്ടിത്തെളിച്ച് വന്യമൃഗങ്ങളുടെ സാന്നിധ്യം മുൻകൂട്ടി തിരിച്ചറിയാൻ സൗകര്യമൊരുക്കും.

പാമ്പുകടി മരണങ്ങൾ കുറയ്ക്കുന്നതിനുള്ള 'സർപ്പ' പദ്ധതിയുടെ രണ്ടാംഘട്ടവും ആരംഭിക്കും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പാമ്പുകടി മരണങ്ങൾ 40ൽ താഴെയായി കുറഞ്ഞതായി മന്ത്രി പറഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പാമ്പുകടി മരണങ്ങൾ പൂർണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം.

സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന 28 ദ്രുതകർമ്മ സേനകൾക്ക് പുറമെ 25 സാറ്റലൈറ്റ് ആർആർടികൾ കൂടി രൂപീകരിക്കും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ 'മെട്രോ റെസ്‌ക്യൂ ടീമുകൾ' രൂപീകരിക്കാനും തീരുമാനിച്ചു.എ.ഐ. അധിഷ്ഠിത റിയൽ ടൈം മുന്നറിയിപ്പ് സംവിധാനങ്ങൾ, ഡ്രോൺ സ്‌ക്വാഡുകൾ, ക്യാമറ ട്രാപ്പുകൾ എന്നിവ ഉപയോഗിച്ച് വന്യജീവി നിരീക്ഷണം ശക്തിപ്പെടുത്തും. വന്യജീവി ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ പ്രത്യേക നിരീക്ഷണ സംവിധാനങ്ങൾ നടപ്പിലാക്കും.

വന്യജീവി ആക്രമണങ്ങളിൽ ഇരയാകുന്നവർക്കുള്ള നഷ്ടപരിഹാര വിതരണം സമയബന്ധിതമാക്കുന്നതിനായി വനം, റവന്യൂ, ദുരന്തനിവാരണം, കൃഷി, മൃഗസംരക്ഷണം വകുപ്പുകളെ ഏകോപിപ്പിച്ചുള്ള ഓൺലൈൻ പോർട്ടൽ തയ്യാറാക്കും. നഷ്ടപരിഹാര വിതരണത്തിനായി പ്രത്യേക ഡ്രൈവും സംഘടിപ്പിക്കും.

കാട്ടുപന്നി ശല്യം നിയന്ത്രിക്കുന്നതിനായി പഞ്ചായത്ത് അടിസ്ഥാനത്തിൽ കണക്കെടുപ്പ് നടത്തുകയും പ്രത്യേക കർമ്മപദ്ധതി ജൂൺ 15ന് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഷൂട്ടർമാർക്കുള്ള ഓണറേറിയവും ജഡം മറവു ചെയ്യുന്നതിനുള്ള ചെലവും വർധിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാർ ഇതിനകം സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യ-വന്യജീവി സംഘർഷം നേരിടുന്നതിനായി പഞ്ചായത്ത് തല പ്രാദേശിക റെസ്‌പോൺസ് ടീമുകൾ, ജനജാഗ്രതാ സമിതികൾ, ഫോറസ്റ്റ് ലെയ്‌സൺ ഓഫീസർമാർ എന്നിവയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തും. വന്യജീവി ശല്യമുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്കും കർഷകർക്കുമായി ഇൻഷുറൻസ് മാതൃക തയ്യാറാക്കുന്നതിനും വിദഗ്ധ സമിതി രൂപീകരിക്കും.

വനപുനരുദ്ധാരണത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനുമായി പുൽമേടുകൾ വീണ്ടെടുക്കുന്ന പദ്ധതികളും അധിനിവേശ സസ്യങ്ങൾ നിർമ്മാർജനം ചെയ്യുന്നതിനുള്ള പ്രത്യേക കർമ്മപദ്ധതിയും നടപ്പിലാക്കും. 'മിയാവാക്കി' മാതൃകയിൽ നഗരവനവത്കരണ പദ്ധതികളും ആരംഭിക്കും.

മനുഷ്യ-വന്യജീവി സംഘർഷം കൂടുതൽ ഫലപ്രദമായി നേരിടുന്നതിനായി വന്യജീവി സംരക്ഷണ നിയമത്തിൽ കാലോചിത ഭേദഗതികൾ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് വിശദമായ പ്രൊപ്പോസൽ സമർപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. വയനാട്, കോതമംഗലം, മൂന്നാർ മേഖലകൾക്കായി പ്രത്യേക പാക്കേജുകളും തയ്യാറാക്കുമെന്ന് മന്ത്രി അറിയിച്ചു.