കടൽജൈവവൈവിധ്യം അടുത്തറിയാം, സമുദ്രമത്സ്യ ഗവേഷണത്തിൽ പങ്കാളികളാകാം;സമുദ്രപഠനത്തിൽ പൊതുജനങ്ങളെ സഹകരിപ്പിക്കാൻ സിഎംഎഫ്ആർഐയുടെ മൊബൈൽ ആപ്പ്

സമുദ്രമത്സ്യ ഗവേഷണത്തിൽ പൊതുജനങ്ങളെ സഹകരിപ്പിക്കാൻ മൊബൈൽ ആപ്പുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ഇന്ത്യൻ തീരങ്ങളിൽ കാണപ്പെടുന്ന കടൽമത്സ്യയിനങ്ങളുടെ സമ്പൂർണ സചിത്രഡേറ്റബേസ് പൊതുജനപങ്കാളിത്തത്തിൽ വികസിപ്പിക്കുന്നതിനാണ് ‘മാർലിൻ@സിഎംഎഫ്ആർഐ’ എന്ന പേരിലുള്ള ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.
 

കൊച്ചി: സമുദ്രമത്സ്യ ഗവേഷണത്തിൽ പൊതുജനങ്ങളെ സഹകരിപ്പിക്കാൻ മൊബൈൽ ആപ്പുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ഇന്ത്യൻ തീരങ്ങളിൽ കാണപ്പെടുന്ന കടൽമത്സ്യയിനങ്ങളുടെ സമ്പൂർണ സചിത്രഡേറ്റബേസ് പൊതുജനപങ്കാളിത്തത്തിൽ വികസിപ്പിക്കുന്നതിനാണ് ‘മാർലിൻ@സിഎംഎഫ്ആർഐ’ എന്ന പേരിലുള്ള ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ഇന്ത്യയുടെ വിവിധ തീരങ്ങളിൽ പിടിക്കപ്പെടുന്ന മീനുകളുടെ ചിത്രങ്ങളും മറ്റ് വിവരങ്ങളും ആപ്പിൽ അപ്ലോഡ് ചെയ്യാം. ഈ വിവരങ്ങൾ ഇന്ത്യൻ സമുദ്രാതിർത്തിയിലെ മത്സ്യയിനങ്ങളെ കൃത്യമായി തിരിച്ചറിയാനും മറ്റ് ശാസ്ത്രീയവിവര ശേഖരണത്തിനും സിഎംഎഫ്ആർഐയെ സഹായിക്കും. കടൽ മത്സ്യസമ്പത്തിന്റെ സചിത്രഡേറ്റാബേസ് തയ്യാറാക്കാനും വഴിയൊരുക്കും.

ഭാവിയിൽ എഐ സഹായത്തോടെ, മൊബൈലിൽ മീനിന്റെ ദൃശ്യം അപ്ലോഡ് ചെയ്യുമ്പോൾ തന്നെ അതിന്റെ സമ്പൂർണവിവരങ്ങൾ ലഭ്യമാകുന്ന സംവിധാനം വികസിപ്പിക്കുയാണ് ആപ്പ് വഴിയുള്ള സചിത്രവിവര ശേഖരണത്തിന്റെ ലക്ഷ്യം. ജിയോടാഗിംഗ് ഉള്ളതിനാൽ വിവരം കൈമാറുന്ന മത്സ്യയിനങ്ങളുടെ കൃത്യമായ സ്ഥലം രേഖപ്പെടുത്താനാകും. ഇത് മത്സ്യലഭ്യതയുമായി ബന്ധപ്പെട്ട പഠനങ്ങൾ കുറ്റമറ്റതാക്കാൻ സഹായിക്കും.

സമുദ്രസമ്പത്തിന്റെ സംരക്ഷണത്തിൽ താൽപര്യമുള്ളവരെ കോർത്തിണക്കുന്ന പരസ്പരസഹകരണ സംരംഭമാണിതെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു. ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ച് പൊതുജനങ്ങളെ കൂടി സമുദ്രഗവേഷണത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. കടൽ മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനും സമുദ്രജൈവവൈവിധ്യത്തെ കൂടുതൽ അടുത്തറിയാനും പൊതുജനങ്ങൾക്ക് ഈ മൊബൈൽ ആപ്പ് ഉപകാരപ്പെടും.  

സിഎംഎഫ്ആർഐയുടെ ഫിഷറി റിസോഴ്‌സ് അസസ്‌മെൻ്റ്, ഇക്കണോമിക്‌സ് ആൻഡ് എക്സ്റ്റൻഷൻ വിഭാഗത്തിലെ ഡോ എൽദോ വർഗീസിൻ്റെ നേതൃത്വത്തിലുള്ള പ്രോജക്ടിന് കീഴിലാണ് ആപ്പ് വികസിപ്പിച്ചത്. ലാൻഡിംഗ് സെൻ്ററുകളിൽ നിന്ന് പകർത്തിയ മീനുകളുടെ ദൃശ്യങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഡേറ്റബേസ്, കടൽമീനുകളുടെ ഓരോ ഹാർബറുകളിലെയും ലഭ്യത ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ മനസ്സിലാക്കാൻ ഭാവിയിൽ സഹായകരമാകുമെന്ന് ഡോ എൽദോ വർഗീസ് പറഞ്ഞു. നിർമിതബുദ്ധി അൽഗോരിതം ഉപയോഗിച്ചാണ് ഈ സംവിധാനം  വികസിപ്പിക്കുക.