കലോത്സവ നഗരിയില്‍ ശ്രദ്ധേയമായി വിദ്യാര്‍ത്ഥികളുടെ പ്രദര്‍ശന വിപണന മേള
തൃശ്ശൂർ : സംസ്ഥാന സ്‌കൂള്‍ കലോത്സവ നഗരിയില്‍ മറ്റ് വേദികളെപ്പോലെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രവൃത്തി പരിചയ വിഭാഗം സംഘടിപ്പിച്ച ഉല്‍പ്പന്ന നിര്‍മാണ പ്രദര്‍ശന-വിപണന മേള. ഒന്നാം വേദിയുടെ പ്രവേശന കവാടത്തിന് സമീപമായി ഒരുക്കിയിരിക്കുന്ന ഈ മേളയില്‍ നിന്നും കുട്ടികള്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളെ നേരിട്ട് കാണുന്നതിനും വാങ്ങുന്നതിനും അവസരം ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലെ ഉല്‍പ്പന്ന വിപണന കേന്ദ്രങ്ങളില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. അതിനൊപ്പം തന്നെ വിദ്യാര്‍ത്ഥികള്‍ തത്സമയം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ട് സ്വന്തം കഴിവുകള്‍ നേരിട്ട് അവതരിപ്പിക്കുന്ന കാഴ്ചയും മേളയുടെ പ്രധാന ആകര്‍ഷണമാണ്. തത്സമയ നിര്‍മ്മാണത്തിലൂടെ ഒരുക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഇവിടെ നിന്നും ലഭ്യമാകുന്നതും മേളയെ കൂടുതല്‍ ജനപ്രിയമാക്കുന്നു.
വിദ്യാര്‍ഥികളില്‍ വിജ്ഞാനവും ഗവേഷണ താല്‍പര്യവും വര്‍ധിപ്പിക്കുക, പഠനത്തിലൂടെ നേടിയ അറിവുകള്‍ സാമൂഹിക പ്രാധാന്യമുള്ളതും ഉപയുക്തതയുള്ളതുമായ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളായി മാറ്റുക എന്നതാണ് പ്രവൃത്തി പഠന മേളയുടെ പ്രധാന ലക്ഷ്യം. പ്രാദേശികമായി ലഭ്യമാകുന്ന വസ്തുക്കള്‍ ഉപയോഗിച്ച്, പരമ്പരാഗത അറിവിനെ ആധുനിക ആവശ്യങ്ങളോട് കൂട്ടിച്ചേര്‍ത്ത് പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ക്ക് പരിഹാരമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പരിശീലനമാണ് ഇവിടെ കുട്ടികള്‍ക്ക് ലഭിക്കുന്നത്. ഇതിലൂടെ കുട്ടികളിലെ അഭിരുചിയും കഴിവും തിരിച്ചറിയാനും പ്രോത്സാഹിപ്പിക്കാനും കഴിയുന്ന ഒരു പഠന വേദിയായി ഈ പ്രദര്‍ശന-വിപണന മേള മാറുന്നു. കലോത്സവത്തിന്റെ ആഘോഷാന്തരീക്ഷത്തില്‍ പഠനത്തിന്റെ പ്രായോഗികതയും സാമൂഹിക പ്രസക്തിയും ഓര്‍മ്മിപ്പിക്കുന്ന ഈ മേള കലോത്സവത്തിലെ വേറിട്ടൊരു മുഖമായി ഇതിനകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു