കോഴിക്കോട് ഹാൻസ് കൈവശംവെച്ചതിന് യാത്രക്കാരന് പിഴയിട്ട് എക്സൈസ് ഉദ്യോഗസ്ഥർ ; ദേഷ്യംതീർക്കാൻ കെ.എസ്.ആർ.ടി.സി. കണ്ടക്ടർക്ക് മർദനം: യാത്രക്കാരൻ ഒളിവിൽ
ഹാൻസ് കൈവശംവെച്ചതിന് കെ.എസ്.ആർ.ടി.സി. എക്സൈസ് ഉദ്യോഗസ്ഥർ യാത്രക്കാരന് പിഴയിട്ടു. ഇതിന്റെ ദേഷ്യംതീർക്കാൻ യാത്രക്കാരൻ കണ്ടക്ടറെ മർദിച്ചു. ചേളന്നൂർ കണ്ണങ്കര മനയിൽത്താഴം എം.എം. അഭിജിത്തി(43)നാണ് മർദനമേറ്റത്.
കോഴിക്കോട്: ഹാൻസ് കൈവശംവെച്ചതിന് കെ.എസ്.ആർ.ടി.സി. എക്സൈസ് ഉദ്യോഗസ്ഥർ യാത്രക്കാരന് പിഴയിട്ടു. ഇതിന്റെ ദേഷ്യംതീർക്കാൻ യാത്രക്കാരൻ കണ്ടക്ടറെ മർദിച്ചു. ചേളന്നൂർ കണ്ണങ്കര മനയിൽത്താഴം എം.എം. അഭിജിത്തി(43)നാണ് മർദനമേറ്റത്.
വ്യാഴാഴ്ച രാവിലെ 7.20-നാണ് സംഭവം. ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന യാത്രക്കാരനാണ് കെ.എസ്.ആർ.ടി.സി. കണ്ടക്ടറെ മർദിച്ചത്. തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ ബസ്സെത്തിയപ്പോൾ ഹാൻസ് കൈവശംവെച്ചതിന് പിഴയൊടുക്കാൻ യാത്രക്കാരനോട് ആവശ്യപ്പെട്ടു.
എന്നാൽ, പിഴയടയ്ക്കാൻ യാത്രക്കാരൻ തയ്യാറായില്ല. ഇയാളുടെ പേരും മേൽവിലാസവും ചോദിച്ചറിഞ്ഞ എക്സൈസ് ഉദ്യോഗസ്ഥർ കോടതിയിൽ പിഴയടയ്ക്കാൻ ആവശ്യപ്പെട്ടു. യാത്രചെയ്യാൻ അനുവദിക്കുകയുംചെയ്തു.ബസ് കോഴിക്കോട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ എത്തിയപ്പോൾ യാത്രക്കാരൻ ഒരു പ്രകോപനവുമില്ലാതെ ഇതിന്റെ വിരോധംകൊണ്ട് കണ്ടക്ടറെ മർദിക്കുകയായിരുന്നു.
യാത്രക്കാരൻ തൊട്ടടുത്തേക്കുവരുമ്പോൾ കണ്ടക്ടർ തന്റെ സീറ്റിലിരുന്ന് ടിക്കറ്റ് മെഷീനിൽ യാത്രയുമായി ബന്ധപ്പെട്ട കണക്കുകൾ പരിശോധിക്കുകയായിരുന്നു. യാത്രക്കാരനുവേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് നടക്കാവ് പോലീസ് പറഞ്ഞു. കണ്ടക്ടറുടെ പരാതിയിൽ കേസെടുത്തു.