എക്സൈസ് വകുപ്പിലെ അഴിമതിക്കെതിരെ യാതൊരു വിട്ടവീഴ്ചയുമില്ല, ശക്തമായ നടപടികൾ ഉണ്ടാകും :  എക്സൈസ് മന്ത്രി എം. ലിജു

 

 എക്സൈസ് വകുപ്പിലെ അഴിമതിക്കെതിരെ യാതൊരു വിട്ടവീഴ്ചയുമില്ലാത്ത ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് എക്സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി. കോട്ടയത്തുണ്ടായ ക്രമക്കേടുകളെക്കുറിച്ച് തനിക്ക് കൃത്യമായ പരാതി ലഭിച്ചിരുന്നുവെന്നും, പരാതി ലഭിച്ച ഉടൻ തന്നെ പോലീസ് ഇടപെട്ട് ക്രമക്കേടുകൾ നേരിട്ട് കണ്ടെത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ അന്വേഷണത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച എക്സൈസ് കമ്മീഷണറെ മന്ത്രി പ്രത്യേകമായി അഭിനന്ദിക്കുകയും ചെയ്തു.

നിലവിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കാൻ വിജിലൻസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും, സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് സർക്കാരിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. വ്യാജമദ്യം വിറ്റ് കമ്മിയുണ്ടാക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ലെന്നും അത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവരെ കർശനമായി തുറുങ്കിലടയ്ക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

പൊതുജനങ്ങളുടെ ജീവനും ആരോഗ്യവും തകർത്ത്, അതിൽ നിന്നുള്ള വിഹിതം കൈപ്പറ്റി തടിച്ചുകൊഴുക്കാൻ ചില ജീവനക്കാരെയും അനുവദിക്കില്ല. വകുപ്പിൽ അഴിമതിക്കെതിരെ പോരാടുന്ന സത്യസന്ധരായ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന തരത്തിലുള്ള തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. അഴിമതി നിർമ്മാർജ്ജനം ചെയ്യാൻ സമൂഹം മുഴുവൻ വിസിൽ ബ്ലോവേഴ്സ് ആകണമെന്ന് ആഹ്വാനം ചെയ്ത മന്ത്രി, വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കുന്നതിന്റെ ഭാഗമായി 41 പുതിയ വാഹനങ്ങൾ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.