പടിയിറങ്ങും മുൻപ് എക്‌സൈസ് കമ്മീഷണറുടെ 'ആറ്റംബോംബ്': ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര അഴിമതി റിപ്പോർട്ട്; വിജിലൻസ് അന്വേഷണത്തിന് ശുപാർശ

സർവീസിൽ നിന്ന് പടിയിറങ്ങുന്നതിന് തൊട്ടുമുമ്പ് എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളുമായി എക്‌സൈസ് കമ്മീഷണർ എം. സാംബശിവറാവുവിന്റെ റിപ്പോർട്ട്. ജോയിന്റ് എക്‌സൈസ് കമ്മീഷണർ എസ്. വിനോദ്, ഡെപ്യൂട്ടി കമ്മീഷണർ അജയ് എന്നിവർക്കെതിരെ മാസപ്പടി പിരിവും അനധികൃത സ്വത്ത് സമ്പാദനവും ചൂണ്ടിക്കാട്ടി വെള്ളിയാഴ്ചയാണ് കമ്മീഷണർ സർക്കാരിന് റിപ്പോർട്ട് നൽകിയത്. സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് അദ്ദേഹം ശുപാർശ ചെയ്തു.

 

തിരുവനന്തപുരം: സർവീസിൽ നിന്ന് പടിയിറങ്ങുന്നതിന് തൊട്ടുമുമ്പ് എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളുമായി എക്‌സൈസ് കമ്മീഷണർ എം. സാംബശിവറാവുവിന്റെ റിപ്പോർട്ട്. ജോയിന്റ് എക്‌സൈസ് കമ്മീഷണർ എസ്. വിനോദ്, ഡെപ്യൂട്ടി കമ്മീഷണർ അജയ് എന്നിവർക്കെതിരെ മാസപ്പടി പിരിവും അനധികൃത സ്വത്ത് സമ്പാദനവും ചൂണ്ടിക്കാട്ടി വെള്ളിയാഴ്ചയാണ് കമ്മീഷണർ സർക്കാരിന് റിപ്പോർട്ട് നൽകിയത്. സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് അദ്ദേഹം ശുപാർശ ചെയ്തു.

ബാറുകളിൽ നിന്ന് പതിവായി മാസപ്പടി വാങ്ങൽ, ലൈസൻസ് പുതുക്കി നൽകാൻ കൈക്കൂലി ഈടാക്കൽ, ബെനാമി ഇടപാടുകളിലൂടെ ലക്ഷങ്ങൾ സമ്പാദിക്കൽ തുടങ്ങിയ ഗുരുതര കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്. ഇരുവരെയും അനധികൃത പണപ്പിരിവിന് സാധ്യതയുള്ള തസ്തികകളിൽ നിയോഗിക്കരുതെന്നും റിപ്പോർട്ടിൽ പ്രത്യേകം നിർദേശിക്കുന്നു.

സെൻട്രൽ സോൺ ജോയിന്റ് എക്‌സൈസ് കമ്മീഷണർ വിനോദ് ബാറുകളുടെ ലൈസൻസ് പുതുക്കുന്നതിന് ഇടനിലക്കാരനായി നിന്ന് അരലക്ഷം രൂപ വരെ കൈക്കൂലി വാങ്ങിയതിന്റെ ബാങ്ക് ഇടപാട് രേഖകൾ ലഭ്യമാണ്. പാലക്കാട് അണക്കപ്പാറയിലെ വ്യാജ കള്ളും സ്പിരിറ്റും പിടികൂടിയ കേസിൽ കൂടുതൽ തുക കൈക്കൂലി വാങ്ങിയതായി വിജിലൻസ് കണ്ടെത്തിയിരുന്നെങ്കിലും ഉന്നത സ്വാധീനത്താൽ വിനോദ് രക്ഷപ്പെടുകയായിരുന്നു.

എക്‌സൈസ് മന്ത്രിയുടെ മണ്ഡലം ഉൾപ്പെടുന്ന ആലപ്പുഴയിലെ ഡെപ്യൂട്ടി കമ്മീഷണർ അജയ് കായംകുളത്തെ ബാറുകളിൽ നിന്ന് സ്ഥിരമായി പണം പിരിക്കുകയും ഓണക്കാലത്ത് 20,000 രൂപ വീതം കൈക്കൂലി വാങ്ങുകയും ചെയ്തു. കോട്ടയത്ത് ചുമതലയുണ്ടായിരുന്ന സമയത്ത് ഒരു കള്ള് ഷാപ്പ് ലൈസൻസിന്റെ മറവിൽ രണ്ട് കെട്ടിടങ്ങളിൽ ഷാപ്പ് നടത്താൻ അനുമതി നൽകിയ സംഭവത്തിൽ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലെ അന്വേഷണം അട്ടിമറിച്ചതിന്റെ രേഖകളും ഫയലിലുണ്ട്. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട വൻ അഴിമതി പുറത്തുവന്നതോടെ സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉടൻ ഉത്തരവിട്ടേക്കും.