ഉണ്ണിത്താൻ പറഞ്ഞതെല്ലാം ശരി; ഉമ്മൻ ചാണ്ടിയെ വേട്ടയാടിയപ്പോൾ മാറിനിന്നവർ ഏറെയുണ്ട്': മറിയാമ്മ ഉമ്മൻ

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെക്കുറിച്ച് കാസർകോട് എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്ന് ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർ കോൺഗ്രസിൽ മാത്രമല്ല എല്ലാ പാർട്ടിയിലുമുണ്ടെന്നും, വേട്ടയാടലിന്റെ കാലത്ത് മാറിനിന്നവർ ഏറെയുണ്ടെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

 

കോട്ടയം/തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെക്കുറിച്ച് കാസർകോട് എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്ന് ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർ കോൺഗ്രസിൽ മാത്രമല്ല എല്ലാ പാർട്ടിയിലുമുണ്ടെന്നും, വേട്ടയാടലിന്റെ കാലത്ത് മാറിനിന്നവർ ഏറെയുണ്ടെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

മറ്റുപലരും ഒളിച്ചോടിയപ്പോൾ രാജ്‌മോഹൻ ഉണ്ണിത്താൻ നട്ടെല്ല് നിവർത്തി നിന്ന് ഉമ്മൻ ചാണ്ടിയെ തീവ്രമായി പിന്തുണച്ചയാളാണെന്ന് മറിയാമ്മ ഉമ്മൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന് നേരെയുണ്ടായ സൈബർ ആക്രമണം മറ്റൊരാൾക്ക് നേരെയും ഉണ്ടായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഉമ്മൻ ചാണ്ടി ആത്മാർത്ഥമായി സ്നേഹിച്ച വ്യക്തിയാണ് ഷാഫി പറമ്പിലെന്നും അദ്ദേഹത്തിന് നല്ല പ്രസംഗ പാടവമുണ്ടെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു. എന്നാൽ തിരിച്ച് ഷാഫി പറമ്പിൽ സ്നേഹിച്ചോ എന്ന് തനിക്ക് പറയാനാകില്ല. ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ഉമ്മൻ ചാണ്ടിയുടെ കാലത്ത് കൊച്ചുപിള്ളേരായിരുന്നുവെന്നും, 'എ' ഗ്രൂപ്പിനെ നയിക്കാൻ അന്ന് സീനിയർ നേതാക്കളുണ്ടായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടി ജെ.എസ്. അഖിലിന്റെ പേര് നിർദ്ദേശിച്ചിരുന്നു എന്ന ഉണ്ണിത്താന്റെ വാദം മറിയാമ്മ ഉമ്മൻ സ്ഥിരീകരിച്ചു. ഉമ്മൻ ചാണ്ടിയുടെ ഡയറിയിൽ അഖിലിന്റെ പേരുണ്ടായിരുന്നു. എന്നാൽ ആ പേര് വെട്ടിയത് ഷാഫി പറമ്പിലാണോ എന്ന ചോദ്യത്തിന്, അതിന് താനാണോ ഉത്തരം പറയേണ്ടത് എന്നായിരുന്നു അവരുടെ മറുപടി.

ഉമ്മൻ ചാണ്ടി എല്ലാവരെയും ഒന്നിപ്പിച്ചു കൊണ്ടുപോകുന്നയാളായിരുന്നുവെന്ന് അവർ ഓർമ്മിച്ചു. ഒരു കുടുംബമാകുമ്പോൾ മത്സരങ്ങളുണ്ടാകുമെന്നും യുഡിഎഫിൽ അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും പറഞ്ഞ മറിയാമ്മ ഉമ്മൻ, പ്രശ്നങ്ങൾ പറഞ്ഞുതീർത്ത് എല്ലാവരും ഒന്നിച്ച് പോകണമെന്നാണ് ഉമ്മൻ ചാണ്ടിയുടെയും തന്റെയും ആഗ്രഹമെന്നും വ്യക്തമാക്കി.