അനീതിക്കെതിരെ സംസാരിക്കാന്‍ ഓരോ പൗരനും അവകാശമുണ്ട്; അത് കോണ്‍ഗ്രസും ശിവകുമാറും നല്‍കേണ്ട ഔദാര്യമല്ല: എ എ റഹീം
ഉത്തര്‍പ്രദേശിലും ഹരിയാനയിലും ഡല്‍ഹിയിലും അടക്കം സംഘപരിവാര്‍ സര്‍ക്കാരുകള്‍ 'അനധികൃത കുടിയേറ്റം' എന്ന് ആരോപിച്ച് ബുള്‍ഡോസര്‍ രാജ് നടത്തിയപ്പോഴൊക്കെയും കമ്മ്യൂണിസ്റ്റുകാര്‍ തെരുവില്‍ ഇരകള്‍
സംഘപരിവാര്‍ സര്‍ക്കാരുകളുടെ മാതൃകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ മനുഷ്യത്വ വിരുദ്ധമായ ബുള്‍ഡോസര്‍ നടപടിയെയാണ് കേരള മുഖ്യമന്ത്രി വിമര്‍ശിച്ചത്
കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്യസഭാംഗം എ എ റഹീം. രാജ്യത്ത് നടക്കുന്ന അനീതികള്‍ക്കെതിരെ സംസാരിക്കാന്‍ രാജ്യത്തെ ഏതൊരു പൗരനും അവകാശമുണ്ടെന്നും അത് കോണ്‍ഗ്രസ് പാര്‍ട്ടിയും ഡി കെ ശിവകുമാറും നല്‍കേണ്ട ഔദാര്യമല്ലെന്നും എ എ റഹീം എംപി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശിവകുമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഭരണഘടനാ മൂല്യങ്ങളെ ചോദ്യം ചെയ്യുന്നതാണെന്നും കര്‍ണാടകയിലെ കാര്യങ്ങള്‍ തങ്ങള്‍ നോക്കി കൊള്ളാം, അതില്‍ കേരള സിഎം അഭിപ്രായം പറയണ്ട എന്നു പറയുന്നത് ശരിയല്ലെന്നും എ എ റഹീം കൂട്ടിച്ചേര്‍ത്തു.
സംഘപരിവാര്‍ സര്‍ക്കാരുകളുടെ മാതൃകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ മനുഷ്യത്വ വിരുദ്ധമായ ബുള്‍ഡോസര്‍ നടപടിയെയാണ് കേരള മുഖ്യമന്ത്രി വിമര്‍ശിച്ചത്. അത് ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള ഓരോ പൗരന്റെയും ഉത്തരവാദിത്വവുമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റാണ്. ഉത്തര്‍പ്രദേശിലും ഹരിയാനയിലും ഡല്‍ഹിയിലും അടക്കം സംഘപരിവാര്‍ സര്‍ക്കാരുകള്‍ 'അനധികൃത കുടിയേറ്റം' എന്ന് ആരോപിച്ച് ബുള്‍ഡോസര്‍ രാജ് നടത്തിയപ്പോഴൊക്കെയും കമ്മ്യൂണിസ്റ്റുകാര്‍ തെരുവില്‍ ഇരകള്‍ക്കായി നിന്നിട്ടുണ്ട്. ഇനിയും നില്‍ക്കുമെന്നും എ എ റഹീം പറഞ്ഞു.
എ എ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഒടുവില്‍ ശ്രീ ഡി കെ ശിവകുമാര്‍ യലഹങ്ക സന്ദര്‍ശിക്കാന്‍ തയ്യാറായിരിക്കുന്നു. വളരെ വൈകിയെങ്കിലും ഈ സന്ദര്‍ശനത്തെ സ്വാഗതം ചെയ്യുന്നു. ശബ്ദമില്ലാത്ത മനുഷ്യര്‍ക്കായി കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയനും ഡിവൈഎഫ്ഐയും ഉയര്‍ത്തിയ ശബ്ദമാണ് ഇന്ന് താങ്കളെ അവിടെ എത്തിച്ചത്. സന്ദര്‍ശനത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, ക്രൂരമായ ബുള്‍ഡോസര്‍ രാജിന് ആ പാവങ്ങളോട് താങ്കള്‍ നിരുപാധികം മാപ്പ് പറയണം.
ഉചിതവും മാന്യവുമായ പുനരധിവാസം ഉടന്‍ നടത്തണം. അത് പ്രഖ്യാപനങ്ങളില്‍ ഒതുങ്ങരുത്. ഇന്ന് കേരള മുഖ്യമന്ത്രിക്ക് എതിരെ താങ്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഭരണഘടനാ മൂല്യങ്ങളെ ചോദ്യം ചെയ്യുന്നതാണ്. 'കര്‍ണ്ണാടകയിലെ കാര്യങ്ങള്‍ ഞങ്ങള്‍ നോക്കി കൊള്ളാം അതില്‍ കേരള സിഎം അഭിപ്രായം പറയണ്ട' എന്നു പറയുന്നത് ശരിയല്ല. നമ്മുടെ രാജ്യത്തെവിടെയും നടക്കുന്ന അനീതികള്‍ക്കെതിരെ സംസാരിക്കാന്‍ രാജ്യത്തെ ഏതൊരു പൗരനും അവകാശമുണ്ട്. അത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയും, ഡി കെ ശിവകുമാറും നല്‍കേണ്ട ഔദാര്യം അല്ല. നമ്മുടെ ഭരണഘടന നല്‍കുന്ന ഉറപ്പാണ്.
സംഘപരിവാര്‍ സര്‍ക്കാരുകളുടെ മാതൃകയില്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ നടത്തിയ മനുഷ്യത്വ വിരുദ്ധമായ ബുള്‍ഡോസര്‍ നടപടിയെയാണ് കേരള മുഖ്യമന്ത്രി വിമര്‍ശിച്ചത്. അത് ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള ഓരോ പൗരന്റെയും ഉത്തരവാദിത്വവുമാണ്. പിന്നെ, പിണറായി വിജയന്‍ ഒരു കമ്യൂണിസ്റ്റ് ആണ്. യുപിയിലും ഹരിയാനയിലും, അങ്ങ് ഡല്‍ഹിയിലും സംഘപരിവാര്‍ സര്‍ക്കാരുകള്‍ 'അനധികൃത കുടിയേറ്റം' എന്ന് ആരോപിച്ചു ബുള്‍ഡോസര്‍ രാജ് നടത്തിയപ്പോഴൊക്കെയും കമ്യൂണിസ്റ്റുകാര്‍ തെരുവില്‍ ഇരകള്‍ക്കായി നിന്നിട്ടുണ്ട്. ഇനിയും നില്‍ക്കും.
നേരത്തേ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി ശിവകുമാര്‍ രംഗത്തെത്തിയിരുന്നു. കര്‍ണാകടയിലെ കോണ്‍?ഗ്രസ് സര്‍ക്കാര്‍ ബുള്‍ഡോസര്‍ സംസ്‌കാരത്തില്‍ വിശ്വസിക്കുന്നില്ലെന്നും വസ്തുതകള്‍ അറിയാതെയാണ് പിണറായി വിജയന്‍ വിഷയത്തില്‍ അഭിപ്രായം പറഞ്ഞതെന്നുമായിരുന്നു ഡി കെ ശിവകുമാര്‍ പറഞ്ഞത്. രാഷ്ട്രീയ പ്രേരിതമായ പ്രസ്താവനകളും പ്രതിഷേധങ്ങളുമാണ് നടക്കുന്നത്. വസ്തുതകള്‍ അറിയാതെ പിണറായി വിജയന്‍ കര്‍ണാടകയിലെ കാര്യങ്ങളില്‍ അഭിപ്രായം പറയരുത്. വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയ തന്ത്രമാണ് പിണറായി വിജയന്റേതെന്നും ശിവകുമാര്‍ വിമര്‍ശിച്ചിരുന്നു. കര്‍ണാടക ബുള്‍ഡോസര്‍ രാജില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനോടായിരുന്നു ശിവകുമാറിന്റെ പ്രതികരണം.