'മാതൃകാ അധ്യാപികയായിരുന്ന 94 വയസ്സുള്ള അമ്മയെപ്പോലും പ്രതിയാക്കി'; ഈ കുടുംബം ഇന്നുവരെ ആരെയും വഞ്ചിച്ചിട്ടില്ലെന്ന് ഷിബു ബേബി ജോണ്‍

 

കള്ളക്കേസ് രജിസ്റ്റര്‍ ചെയ്തതിനെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുക തന്നെ ചെയ്യുമെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു.

 

ഷിബു ബേബി ജോണിന്റെയും കുടുംബത്തിന്റെയും പേരിലുള്ള ചാക്കയിലെ ഭൂമിയിലാണ് ഫ്‌ലാറ്റ് നിര്‍മാണം. ആന്റോ ബില്‍ഡേഴ്‌സ് എന്ന സ്ഥാപനവുമായാണ് ഷിബു ബേബി ജോണിന്റെ കുടുംബം കരാറുണ്ടാക്കിയത്.

തന്റെ പേരില്‍ ചുമത്തിയ സാമ്പത്തിക വഞ്ചനാ കേസില്‍ പ്രതികരണവുമായി മുന്‍ മന്ത്രിയും ആര്‍ എസ് പി നേതാവുമായ ഷിബു ബേബി ജോണ്‍. 2020ല്‍ പണം നല്‍കിയിട്ടും ഫ്‌ലാറ്റ് കൈമാറിയില്ലെന്ന തിരുവനന്തപുരം സ്വദേശിയുടെ പരാതിയിലാണ് ഷിബു ബേബി ജോണിനും കുടുംബത്തിനുമെതിരെ കേസെടുത്തത്. പരാതി നല്‍കിയ വ്യക്തിയെ താന്‍ ഇന്ന് വരെ കണ്ടിട്ടില്ലെന്നും താനോ കുടുംബാംഗങ്ങളോ ഒരു രൂപ പോലും ഈ വ്യക്തിയില്‍ നിന്ന് കൈപ്പറ്റിയിട്ടില്ലെന്നും ഷിബു ബേബി ജോണ്‍ പറയുന്നു.

കുടുംബത്തിന്റെ സ്ഥലം ജോയിന്‍ വെഞ്ച്വര്‍ മാതൃകയില്‍ ഫ്‌ലാറ്റ് നിര്‍മിക്കാന്‍ നല്‍കുകയും കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി കരാറിലേര്‍പ്പെടുകയും ചെയ്തു എന്നത് വസ്തുതയാണെന്ന് ഷിബു ബേബി ജോണ്‍ പറയുന്നു. എന്നാല്‍ നാലു വര്‍ഷം കൊണ്ട് ഫ്‌ലാറ്റ് പൂര്‍ത്തീകരിക്കേണ്ട നിര്‍മ്മാണ കമ്പനി ഇതുവരെ അത് പൂര്‍ത്തിയാക്കാതെ തങ്ങളെയും വഞ്ചിക്കുകയായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. പരാതിക്കാരന്‍ ഇക്കാലയളവില്‍ ഒരിക്കല്‍ പോലും തങ്ങളെ ബന്ധപ്പെടുകയോ നിര്‍മാണ കമ്പനി വാങ്ങിയ അഡ്വാന്‍സ് തിരിച്ചു ചോദിക്കുകയോ ചെയ്തിട്ടില്ല. താന്‍ രാഷ്ട്രീയക്കാരന്‍ ആയതിനാല്‍ ഇത്തരം കേസിനു പിന്നിലെ ദുരുദ്ദേശം കൃത്യമായി തിരിച്ചറിയാനാകും. എന്നാല്‍ അമ്മ അടക്കമുള്ള കുടുംബാംഗങ്ങളെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തതു കൊണ്ടുതന്നെ ഇത് വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. കള്ളക്കേസ് രജിസ്റ്റര്‍ ചെയ്തതിനെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുക തന്നെ ചെയ്യുമെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു.

ഷിബു ബേബി ജോണിന്റെയും കുടുംബത്തിന്റെയും പേരിലുള്ള ചാക്കയിലെ ഭൂമിയിലാണ് ഫ്‌ലാറ്റ് നിര്‍മാണം. ആന്റോ ബില്‍ഡേഴ്‌സ് എന്ന സ്ഥാപനവുമായാണ് ഷിബു ബേബി ജോണിന്റെ കുടുംബം കരാറുണ്ടാക്കിയത്. ഫ്‌ലാറ്റുണ്ടാക്കാന്‍ ആന്റോ ബില്‍ഡേഴ്‌സിന് കുമാരപുരം സ്വദേശി അലക്‌സ് 15 ലക്ഷം രൂപ നല്‍കിയിരുന്നു. 2020ല്‍ പണം കൈമാറുമ്പോള്‍ നാലു വര്‍ഷത്തിനുള്ളില്‍ ഫ്‌ലാറ്റ് നിര്‍മ്മിച്ചു നല്‍കുമെന്നായിരുന്നു കരാര്‍. എന്നാല്‍, ഫ്‌ലാറ്റ് നിര്‍മ്മാണം പൂര്‍ത്തിയാകാത്തിനാലാണ് ഭൂഉടമയായ ഷിബുബേബി ജോണിനെതിരെ കൂടി പരാതി നല്‍കിയത്. ആദ്യം സിവില്‍ കേസാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് പരാതി എഴുതി തള്ളിയിരുന്നു. എന്നാല്‍ പരാതിക്കാരന്‍ പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതോടെയാണ് കേസെടുത്തത്.