കേരളത്തിലെ പെട്രോള്‍ പമ്പുകളില്‍ എഥനോള്‍ പരിശോധന നാളെ
എഥനോള്‍ അളവ് നോക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്കി.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് പരിശോധന നടക്കുക
പെട്രോളിലെ എഥനോള്‍ അളവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംസ്ഥാനത്തെ എഥനോള്‍ പരിശോധന നാളെ. നാല് ജില്ലകളിലെ അഞ്ച് വീതം പെട്രോള്‍ പമ്പുകളില്‍ പരിശോധന നടത്തും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് പരിശോധന നടക്കുക. പമ്പുകളില്‍ നിന്ന് ആറു വീതം സാമ്പിളുകള്‍ ശേഖരിക്കും. എഥനോള്‍ അളവ് നോക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്കി. എഥനോള്‍ അളവ് കൂടുതല്‍ ഉണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും. കേന്ദ്ര തലത്തിലും വിഷയം ഉന്നയിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
പെട്രോള്‍ ഉല്പന്നങ്ങളില് കൂടുതല്‍ അളവില്‍ എഥനോള്‍ കലര്‍ത്തുന്നുവെന്ന പരാതിയില്‍ മന്ത്രി അനൂപ് ജേക്കബ് ആണ് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷന് പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്.
മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്നു പരിശോധനയ്ക്ക് മന്ത്രി നിര്‍ദേശം നല്‍കിയത്. കര്‍ണാടകത്തില്‍ വില്‍ക്കുന്ന പെട്രോളില്‍ 26 മുതല്‍ 31 ശതമാനം വരെ എഥനോള്‍ അടങ്ങിയിട്ടുണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ കണ്ടെത്തലിന് പിന്നാലെയാണ് കേരളത്തിലും പരിശോധന നടക്കുന്നത്.