ജീവിതത്തിൽ തളർന്ന് പോകുന്നവർക്ക് പ്രചോദനമാണ് എസ്‌കലേറ: മന്ത്രി വീണാ ജോർജ്
ജിവിതത്തിൽ തളർന്ന് പോകുന്നവർക്ക് പ്രചോദനമാകാനാണ് എസ്‌കലേറ വനിതോത്സവം സംഘടിപ്പിക്കുന്നതെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. കഴിഞ്ഞ രണ്ട് വർഷവും വിജയകരമായി നടത്തിയ പരിപാടിയാണിത്
ജിവിതത്തിൽ തളർന്ന് പോകുന്നവർക്ക് പ്രചോദനമാകാനാണ് എസ്‌കലേറ വനിതോത്സവം സംഘടിപ്പിക്കുന്നതെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. കഴിഞ്ഞ രണ്ട് വർഷവും വിജയകരമായി നടത്തിയ പരിപാടിയാണിത്. സ്ത്രീ സംരംഭകത്വം, സ്ത്രീകളുടെ സൃഷ്ടിപരത, നേതൃശേഷി എന്നിവയെ പിന്തുണക്കുന്നതിനും ശക്തി പകരുന്നതിനും വേണ്ടിയാണ് സംസ്ഥാന വനിതാ ശിശു വികസന വകുപ്പും വനിതാ വികസന കോർപ്പറേഷനും ചേർന്ന് ഈ പരിപാടി സംഘടിപ്പിക്കുന്നത്. സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെയും പരിപാടികളിലൂടെയും സൃഷ്ടിച്ച സ്ത്രീ മുന്നേറ്റമാണ് ''കരുത്താർന്ന പെൺചുവടുകൾ കരുതലോടെ കേരളം'' എന്ന ആശയം മുൻനിർത്തി എസ്‌കലേറെ ദി വിമെൻ ഫെസ്റ്റ് 2026 കൊണ്ടുദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഫെബ്രുവരി 3 മുതൽ 9 വരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര വളപ്പിലും നിശാഗന്ധിയിലുമായാണ് എസ്‌കലേറ വനിതോത്സവം സംഘടിപ്പിക്കുന്നത്. ഒരാഴ്ച നീണ്ട് നിൽക്കുന്ന പരിപാടികളിൽ വിവിധ വിഷയങ്ങളിൽ അധിഷ്ഠിതമായ കോൺക്ലേവുകൾ, സംരംഭക പരിശീലന സെഷനുകൾ, പ്രദശന വിപണന മേള, കലാപരിപാടികൾ എന്നിവയുണ്ടാകും.
എസ്‌കലേറ വനിതോത്സവം 26ന്റെ ഉദ്ഘാടനം ഫെബ്രുവരി മൂന്നാം തീയതി വൈകുന്നേരം 5.30ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും. മന്ത്രിമാരായ വി ശിവൻകുട്ടി, ആർ ബിന്ദു എന്നിവർ പങ്കെടുക്കും. ഫെബ്രുവരി 3 ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് വനിത ശിശു വികസന വകുപ്പിന്റെ ശിശുവികസന മേഖലയുടെ ഐസിഡിഎസ് അവാർഡ് വിതരണവും സംഘടിപ്പിക്കുന്നു. ചടങ്ങിനോടനുബന്ധിച്ച് വനിതാശിശു വികസന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വച്ച തൃശ്ശൂർ, വയനാട് ജില്ലാ ഭരണകൂടങ്ങൾക്കുള്ള പുരസ്‌ക്കാരം, ഐ.സി.ഡി.എസ് പദ്ധതി പ്രവർത്തനത്തിൽ മികവ് പുലർത്തിയവർക്കായുള്ള സംസ്ഥാനതല അവാർഡുകൾ എന്നിവയും വിതരണം ചെയ്യുന്നു.
ഫെബ്രുവരി ആറാം തീയതി കാവൽ കെയർ ക്രോണിക്കിൾ പുസ്തകത്തിന്റെ പ്രകാശനം കൂടണയാം പദ്ധതിയുടെ നേട്ടങ്ങളുടെ പ്രഖ്യാപനവും ലോഗോ പ്രകാശനം, ചുവടുകൾ പദ്ധതിയുടെ ലോഗോ പ്രകാശനം അങ്കണവാടി സമ്പൂർണ്ണ വൈദ്യുതികരണ പ്രഖ്യാപനം ചൈൽഡ് ഫ്രണ്ട് ലി ആഡിറ്റ് നേട്ടത്തിന്റെ പ്രഖ്യാപനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. സംസ്ഥാനത്തിന്റെ കാവൽ പദ്ധതിയെ സുപ്രീം കോടതി അഭിനന്ദിച്ചിരുന്നു. 12 കുട്ടികളുടെ ജീവിതാനുഭവമാണ് ക്രോണിക്കിൾ പുസ്തകം. കുടുംബാധിഷ്ഠിത പരിചരണ പരിപാടിയാണ് കൂടണയാം. ഇതിലൂടെ 573 കുട്ടികൾക്ക് സംരക്ഷണമൊരുക്കി.
'വനിത ശിശു വികസന കോൺക്ലേവ് 2026'
'Where every Woman is empowered and Every Child is Protected- Kerala's vision in action'
കേരള സർക്കാർ വനിതാ-ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ, കേരള വനിതാ വികസന കോർപ്പറേഷന്റെ സഹകരണത്തോടെ 2026 ഫെബ്രുവരി 6, 7 തീയതികളിൽ തിരുവനന്തപുരം നിശാഗന്ധിയിൽ വെച്ച് 'വനിതാ കോൺക്ലേവ് 2026' സംഘടിപ്പിക്കുന്നു. ഈ കോൺക്ലേവിൽ, വനിത ശിശു വികസന വകുപ്പിന്റെ മൂന്നു പ്രധാന മേഖലകളായ വനിത ശാക്തീകരണം -Gender Justice beyond Biology and Social Norms, ശിശുവികസനം - Bright Beginnings, ശിശുസംരക്ഷണം - Resilience Pavilion എന്നീ വിഷയങ്ങളെ ആസ്പദമാക്കി വിവിധ സെഷനുകൾ, സംവാദങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു.
ആശയ സമ്പുഷ്ടമായ ഇൻസ്റ്റലേഷനുകളും പ്രമുഖ കലാകാരികളും കലാകാരന്മാരും പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടികളും വിനോദത്തിനായിട്ടുള്ള പ്രത്യേക ഒരുക്കങ്ങളും ഭക്ഷ്യ മേളയും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 3 ന് വൈകിട്ട് 5.30 ന് ആരംഭിക്കുന്ന വനിതോത്സവത്തിന്റെ പ്രധാന ആകർഷണം 140 സ്റ്റാളുകളുള്ള വനിതാ സംരംഭക മേളയാണ്. 3 കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും 8 ഇതര സംസ്ഥാനങ്ങളിൽ നിന്നും പങ്കാളിത്തമുള്ള മേള വൈവിധ്യമാർന്ന വിപണിയാണ് തിരുവനന്തപുരത്തെ ജനങ്ങൾക്ക് വേണ്ടി അണിനിരത്തുന്നത്.
ഫെബ്രുവരി 4 മുതൽ 9 വരെ വനിതാ ശിശു വികസന വകുപ്പിന്റെ വനിതാ കോൺക്ലേവിനൊപ്പം വനിതാ സംരംഭകത്വം, സാമൂഹ്യ ശാക്തീകരണം, കൗമാര ആരോഗ്യം, ഗാർഹികാതിക്രമങ്ങളും പരിഹാരവും എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ സെമിനാറുകളും നടക്കും. വൈകുന്നേരങ്ങളിൽ എസ്‌കലേറെ ദി വിമെൻ ഫെസ്റ്റ് 2026ൽ വർണാഭമായ സാംസ്‌കാരിക പരിപാടികളും ലൈവ് കൺസേർട്ടും അരങ്ങേറും.
പ്രശസ്ത ഗായകരായ പ്രണവം ശശി, റിമി ടോമി, അഞ്ചു ജോസഫ് എന്നിവരുടെ സംഗീത പരിപാടികൾ, ഫോക്ലോർ അക്കാദമി നടത്തുന്ന മുടിയേറ്റ്, തോൽപ്പാവകൂത്ത് എന്നിവയും തൃപ്പുണിത്തറ വനിതാ കഥകളി സംഘത്തിന്റെ 'കിരാതം കഥകളി'യും നിരീക്ഷ പെൺ നാടക വേദിയുടെ നാടകവും വിവിധ കോളേജുകളിലെ വനിതാ സെൽ വിദ്യാർഥികളുടെ പരിപാടികളും ഉണ്ടാകും.
വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ, വനിത വികസന കോർപറേഷൻ എംഡി ബിന്ദു വിസി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.