പുറമേ തിളക്കം, അകത്ത് തകരാർ; എറണാകുളത്ത് 44 സ്‌കൂൾ ബസുകൾക്ക് ഫിറ്റ്‌നസ് നിഷേധം

 തിളങ്ങുന്ന പെയിന്റും മിനുസമുള്ള ബോഡിയും. പേപ്പറുകളെല്ലാം ക്ലിയർ. ലൈറ്റും വൈപ്പറും ജി.പി.എസുമെല്ലാം റെഡി. നിർത്തിയിട്ടിരുന്നപ്പോൾ 'ഫുൾ മാർക്കും' . എന്നാൽ ഫിറ്റ്‌നസ് ഉറപ്പാക്കാൻ ആർ.ടി.ഒ. നേരിട്ട് സ്റ്റിയറിങ് കൈയിലെടുത്ത് വണ്ടിയൊന്ന് ഓടിച്ചു നോക്കിയപ്പോഴാണ് കള്ളി വെളിച്ചത്തായത്..!

 

കാക്കനാട്:  തിളങ്ങുന്ന പെയിന്റും മിനുസമുള്ള ബോഡിയും. പേപ്പറുകളെല്ലാം ക്ലിയർ. ലൈറ്റും വൈപ്പറും ജി.പി.എസുമെല്ലാം റെഡി. നിർത്തിയിട്ടിരുന്നപ്പോൾ 'ഫുൾ മാർക്കും' . എന്നാൽ ഫിറ്റ്‌നസ് ഉറപ്പാക്കാൻ ആർ.ടി.ഒ. നേരിട്ട് സ്റ്റിയറിങ് കൈയിലെടുത്ത് വണ്ടിയൊന്ന് ഓടിച്ചു നോക്കിയപ്പോഴാണ് കള്ളി വെളിച്ചത്തായത്..! പല സാങ്കേതിക തകരാറുകൾ പുറത്തുചാടിയതോടെ ഒരൊറ്റ വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ 44 സ്‌കൂൾ ബസുകൾക്ക് എറണാകുളം ആർ.ടി.ഒ. കെ.ആർ. സുരേഷ് ഫിറ്റ്‌നസ് നിഷേധിച്ചു.

തകരാറുകൾ പരിഹരിച്ച് ഇവ വീണ്ടും ഹാജരാക്കണം. സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ, സീപോർട്ട്-എയർപോർട്ട് റോഡിലെ സി.എഫ്. ടെസ്റ്റ് ഗ്രൗണ്ടിൽ ബുധനാഴ്ചയായിരുന്നു സ്‌കൂൾ ബസുകളുടെ ആദ്യദിന പരിശോധന. ക്യാമ്പിൽ ഹാജരാക്കിയ 60 ബസുകളിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച 16 എണ്ണത്തിന് മാത്രമാണ് ആദ്യദിനം ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിച്ചത്. ഇവയിൽ മോട്ടോർ വാഹനവകുപ്പിന്റെ പ്രത്യേക സുരക്ഷാ സ്റ്റിക്കറുകൾ പതിപ്പിച്ചു.

രാവിലെ എട്ടോടെ എറണാകുളം ആർ.ടി.ഒ. കെ.ആർ. സുരേഷിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം പരിശോധന തുടങ്ങി. വാഹനം നിർത്തിയിട്ട് ടയർ, വൈപ്പർ, ഹെഡ്ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഡോർ, വിൻഡോ ഷട്ടർ, ജി.പി.എസ്., അഗ്‌നിരക്ഷാ സംവിധാനങ്ങൾ, സ്പീഡ് ഗവർണർ എന്നിവയെല്ലാം ആദ്യഘട്ടത്തിൽ കൃത്യമായി പരിശോധിച്ചു. എന്നാൽ, അവസാനവട്ട പരിശോധനയ്ക്കായി ആർ.ടി.ഒ. തന്നെ നേരിട്ട് ഡ്രൈവിങ് സീറ്റിലിരുന്ന് ബസുകൾ ഓടിച്ചു നോക്കിയതോടെയാണ് പല വണ്ടികളുടെയും 'ജാതകം' മാറിയത്.

സ്റ്റിയറിങ് പിടിച്ച ആദ്യ ചില ബസുകളിൽ തന്നെ ഗുരുതര സാങ്കേതികപ്രശ്‌നങ്ങൾ കണ്ടതോടെ, എല്ലാ ബസുകളും ഓടിച്ചുനോക്കി മാത്രം ഫിറ്റ്‌നസ് നൽകാൻ ആർ.ടി.ഒ. ഉത്തരവിടുകയായിരുന്നു. ഇതോടെയാണ് വന്ന വണ്ടികളിൽ ഭൂരിഭാഗവും ഫെയിലായത്. 16 ബസുകൾക്ക് മാത്രമാണ് 'ഫുൾ എ പ്ലസ്' തിളക്കത്തോടെ മടങ്ങാനായത്. ആദ്യഘട്ടത്തിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കും തകരാർ പരിഹരിച്ചവർക്കുമുള്ള രണ്ടാംഘട്ട പരിശോധന മേയ് 23-ന് നടക്കും.