എം.എം ലോറൻസിൻ്റെ വിയോഗം :പയ്യാമ്പലത്ത് നടന്നഅഴിക്കോടൻ രാഘവൻ അനുസ്മരണ സമ്മേളനത്തിൽ ഇ.പി ജയരാജൻ പങ്കെടുത്തില്ല 

സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും മുന്‍ എല്‍ഡിഎഫ് കണ്‍വീനറുമായ ഇ പി ജയരാജന്‍ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവ് അഴീക്കോടന്‍ രാഘവൻ്റെ ചരമ ദിനാചരണപരിപാടിയില്‍ പങ്കെടുത്തില്ല

 


കണ്ണൂർ : സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും മുന്‍ എല്‍ഡിഎഫ് കണ്‍വീനറുമായ ഇ പി ജയരാജന്‍ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവ് അഴീക്കോടന്‍ രാഘവൻ്റെ ചരമ ദിനാചരണപരിപാടിയില്‍ പങ്കെടുത്തില്ല. തിങ്കളാഴ്ച്ചരാവിലെ എട്ടിന് പയ്യാമ്പലത്ത് നടക്കുന്ന അനുസ്മരണ ചടങ്ങില്‍ ഇ പി ജയരാജനെത്തുമെന്നായിരുന്നു ജില്ലാ കമ്മിറ്റി വാർത്താ കുറിപ്പിൽ അറിയിച്ചിരുന്നത്.

എന്നാല്‍ പാർട്ടിയുടെ മുതിർന്ന നേതാവ്എം എം ലോറന്‍സിന്റെ ദേഹ വിയോഗത്തെതുടര്‍ന്ന് ഇ പി ജയരാജന്‍ എർണാകുളത്തേക്ക് അന്തിമോപചാര ചടങ്ങുകൾ അർപ്പിക്കാൻ പോവുകയായിരുന്നു. എർണാകുളം ടൗൺ ഹാളിൽ നിന്നാണ് ഇ പി ജയരാജൻ എം.എംലോറൻസിൻ്റ ഭൗതിക ശരീരത്തിൽ ആദരാജ്ഞലികൾ അർപ്പിച്ചത്.


എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിന് ശേഷം ഇ പി പാര്‍ട്ടി പരിപാടികളില്‍ എത്തിയിട്ടില്ല. സിപിഎംദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ മരണത്തെ തുടര്‍ന്ന് ഡല്‍ഹിയിലെത്തി അനുശോചനം രേഖപ്പെടുത്തിയതൊഴിച്ചാല്‍ ഇ പി കഴിഞ്ഞ 23 ദിവസമായി പൊതുപരിപാടികളില്‍ പങ്കെടുക്കാനോ പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കാനോ തയ്യാറായിട്ടില്ല. എന്നാൽ ഇതിനിടെയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ഡൽഹിയിൽ അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പാർട്ടിയോ മുഖ്യമന്ത്രിയുമായോ തനിക്ക് യാതൊരു അഭിപ്രായവ്യത്യാസമില്ലെന്ന് ഇപി ജയരാജൻ വ്യക്തമാക്കിയിരുന്നു.