102 സീറ്റ് കിട്ടിയിട്ടും കോൺഗ്രസിന് മന്ത്രിസഭയുണ്ടാക്കാൻ കഴിയുന്നില്ല :ഇ പി ജയരാജൻ

102 സീറ്റുകൾ ലഭിച്ചിട്ടും ഒരു മുഖ്യമന്ത്രിയെ കണ്ടെത്താൻ കഴിയാത്ത വിധം യു.ഡി.എഫ് അനിശ്ചിതത്വത്തിലാണെന്ന് സി പി എം കേന്ദ്രകമ്മിറ്റിയംഗം ഇ . പി ജയരാജൻ പറഞ്ഞു. കണ്ണൂർപാപ്പിനിശേരിയിലെ വീട്ടിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

കണ്ണൂർ : 102 സീറ്റുകൾ ലഭിച്ചിട്ടും ഒരു മുഖ്യമന്ത്രിയെ കണ്ടെത്താൻ കഴിയാത്ത വിധം യു.ഡി.എഫ് അനിശ്ചിതത്വത്തിലാണെന്ന് സി പി എം കേന്ദ്രകമ്മിറ്റിയംഗം ഇ . പി ജയരാജൻ പറഞ്ഞു. കണ്ണൂർപാപ്പിനിശേരിയിലെ വീട്ടിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഗ്രൂപ്പ് തിരിഞ്ഞ് കോൺഗ്രസ് മുഖ്യമന്ത്രിയെ അന്വേഷിച്ചു നടക്കുകയാണ് 102 പേരിൽ ഒരാളെപ്പോലും മുഖ്യമന്ത്രിയാക്കാൻ അവർക്ക് കഴിയുന്നില്ല അണികളും ഓരോരുത്തർക്കും വേണ്ടി തെരുവിലിറങ്ങിയിരിക്കുകയാണ്. ഒരാൾ സതീശന് വേണ്ടി തെരുവിൽ ഇറങ്ങുമ്പോൾ മറ്റൊരാൾ ചെന്നിത്തലയ്ക്കായും വേറെ ചിലർ വേണുഗോപാലിനുമായി മുദ്രവാക്യം വിളിക്കുകയാണ്.

കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും ഈ തകർച്ച കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്കും വലതുപക്ഷ ശക്തികൾക്ക് കൂടുതൽ കരുത്തു ലഭിക്കുന്നതിനും കാരണമാകുമെന്ന് ഇപി പറഞ്ഞു.രാജ്യത്ത് വർഗീയ ശക്തികൾ കരുത്തു നേടുന്നത് വലിയ ആപത്താണെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി. പശ്ചിമബംഗാളിൽ ലക്ഷക്കണക്കിന് വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടിമാറ്റി അധികാരം പിടിക്കാൻ ശ്രമിക്കുകയാണ്. തമിഴ്‌നാട്ടിൽ ഗവർണറെ ഉപയോഗിച്ച് രാഷ്ട്രീയ കളി നടത്തുന്നു. ഇത്തരം നീക്കങ്ങൾ ജനാധിപത്യത്തിന് ഭീഷണിയാണെന്നും രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഉണ്ടായത് തികച്ചും അപ്രതീക്ഷിതമായ പരാജയമാണെന്ന് അദ്ദേഹം പറഞ്ഞു. 1957 മുതലുള്ള കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ എല്ലാ രംഗങ്ങളിലും വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും, പ്രത്യേകിച്ച് കഴിഞ്ഞ 10 വർഷം അത്ഭുതാവഹമായ വളർച്ച ഉണ്ടായ കാലഘട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നേട്ടങ്ങൾ മുൻനിർത്തി ജനവിധി അനുകൂലമാകുമെന്നാണ് മുന്നണി കണക്കാക്കിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷം ദുർബലപ്പെടുന്നത് രാഷ്ട്രീയ പാർട്ടികളുടെ തകർച്ച മാത്രമല്ല, അത് കേരളത്തിന്റെ തന്നെ തകർച്ചയായിരിക്കുമെന്നും ഇ പി പറഞ്ഞു. . തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഇടതുപക്ഷ മുന്നണിയുടെ സംസ്ഥാനതല യോഗം ചേർന്ന് നിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ട്. വികസന പ്രവർത്തനങ്ങളും ജനക്ഷേമകരമായ പ്രവർത്തനങ്ങളും കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാനാണ് മുന്നണി തീരുമാനിച്ചിരിക്കുന്നത്. ഇടതുപക്ഷം ശക്തിപ്പെടണമെന്ന ജനങ്ങളുടെ ആഗ്രഹം സാക്ഷാത്കരിക്കാൻ ആവശ്യമായ എല്ലാ കാര്യങ്ങളും പാർട്ടി നിർവഹിക്കും മുഖ്യമന്ത്രിയും എൽ.ഡി.എഫ് കൺവീനറും നേരത്തെ തന്നെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും ജനങ്ങൾ കാര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ മാധ്യമശൃംഖല മുഴുവൻ വലതുപക്ഷ ശക്തികളുടെ കൈവശമാണെന്നും, സോഷ്യൽ മീഡിയയിലൂടെയും മറ്റും ഇടതുപക്ഷത്തെ തകർക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും ഇപി പറഞ്ഞു. കേരളത്തിൽ ഭരണവിരുദ്ധ വികാരമുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും, ഗവൺമെന്റ് ജനവിരുദ്ധമായ യാതൊരു നിലപാടും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയിലെ ചില നേതാക്കൾക്കായി ഫ്ളക്സ് ബോർഡുകൾ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരം പ്രവണതകൾ പാർട്ടി വിരുദ്ധ പ്രവർത്തനമായി കാണേണ്ടി വരുമെന്നും ഇപി ജയരാജൻപറഞ്ഞു.