തൊഴില്‍തട്ടിപ്പ്; തായ്ലാന്റില്‍ കുടുങ്ങിയ മലയാളികളെ രാത്രിയോടെ നാട്ടിലെത്തിക്കും

തായ്ലാന്റ്, മ്യാന്‍മാര്‍, ലാവോസ്, കംബോഡിയ അതിര്‍ത്തിയിലെ കുപ്രസിദ്ധമായ ഗോൾഡൻ ട്രയാംഗിൾ പ്രദേശത്ത് തൊഴില്‍തട്ടിപ്പിനും മനുഷ്യക്കടത്തിനും ഇരയായി കുടുങ്ങിയ ഏട്ട് മലയാളികൾ ഉള്‍പ്പെടെ 283 ഇന്ത്യന്‍പൗരന്മാരെ തിരിച്ചെത്തിച്ചു. ഇന്ത്യന്‍ വ്യേമസേനാ വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചവരില്‍  മലയാളികളായ എട്ട് പേരെ നോര്‍ക്ക റൂട്ട്സ് ഇടപെട്ട് നാട്ടിലെത്തിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ , എറണാകുളം, തൃശ്ശൂര്‍, കാസർഗോഡ് സ്വദേശികളാണ് തിരിച്ചെത്തുന്നത്.

അഞ്ചുപേരെ എയര്‍ഇന്ത്യാ വിമാനത്തില്‍ (AI505) രാത്രി 10.20 ഓടെ കൊച്ചിയിലും മൂന്നുപേരെ ഇന്‍ഡിഗോ വിമാനത്തില്‍ (6E 2189) രാത്രി 11.45 ഓടെ തിരുവനന്തപുരത്തും എത്തും. വ്യാജ റിക്രൂട്ട്മെന്റ് ഏജന്റുമാര്‍ വഴി ഗോൾഡൻ ട്രയാംഗിൾ എന്നറിയപ്പെടുന്ന മേഖലയില്‍ ഉള്‍പ്പെടെ വ്യാജ കോൾ സെന്ററുകളില്‍ സൈബർ കുറ്റകൃത്യങ്ങള്‍ (സ്കാമിങ്ങ്) ചെയ്യാന്‍ നിര്‍ബന്ധിതരായി കുടുങ്ങിയവരാണ് തിരിച്ചെത്തിയവര്‍. മ്യാന്‍മാര്‍ തായ്‌ലാന്റ് ഇന്ത്യൻ സ്ഥാനപതികാര്യാലയങ്ങള്‍  പ്രാദേശിക സര്‍ക്കാറുകളുമായി സഹകരിച്ച് നടത്തിയ ഇടപെടലുകളാണ് മോചനത്തിന് സഹായിച്ചത്. രക്ഷപ്പെടുത്തിയവരെ തായ്‌ലാൻഡിലെ മെയ് സോട്ട് നഗരത്തിലെത്തിക്കുകയും പിന്നീട് വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കുകയുമായിരുന്നു. 

മലയാളികളെ ‍ഡല്‍ഹി എന്‍.ആര്‍.കെ ഡവലപ്മെന്റ് ഓഫീസര്‍ ഷാജിമോന്റെ നേതൃത്വത്തില്‍ സ്വീകരിച്ചിരുന്നു. വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്മെന്റ്, വീസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെ നോര്‍ക്ക ഓപ്പറേഷന്‍ ശുഭയാത്രയിലൂടെ പരാതിപ്പെടാവുന്നതാണ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രൻസ് , കേരളാ പോലീസ്, നോര്‍ക്ക റൂട്ട്സ്,  എന്നിവ സംയുക്തമായാണ്  പദ്ധതി നടപ്പാക്കുന്നത്. പരാതികള്‍ spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലും അറിയിക്കാം. നിങ്ങള്‍ പഠനത്തിനോ ഉദ്യോഗത്തിനോ വിദേശരാജ്യത്തേയ്ക്ക് പോകുന്നവരോ പോകാന്‍ താല്‍പ്പര്യപ്പെടുന്നവരോ ആണെങ്കില്‍ അംഗീകാരമുളള ഏജന്‍സികള്‍ വഴിയോ നിയമപരമായോ മാത്രമേ ഇത്തരം യാത്രകള്‍ ചെയ്യാവൂ. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് വെബ്ബ്പോര്‍ട്ടല്‍    (www.emigrate.gov.in) മുഖേന റിക്രൂട്ട്‌മെന്റ് ഏജന്‍സിക്ക് ലൈസന്‍സുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.