ഈലോഹിം ചർച്ച് സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണം ; ആരാധന സ്വാതന്ത്ര്യം തടസപ്പെടുത്തരുതെന്ന് യൂണൈറ്റഡ് പെന്തകോസ്ത് കൗൺസിൽ

 ഈലോഹിം ചർച്ചുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തിൽ തെറ്റ് ചെയ്തവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് യൂണൈറ്റഡ് പെന്തകോസ്ത് കൗൺസിൽ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും, കുറ്റക്കാർ ആരായാലും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും കൗൺസിൽ പ്രസ്താവനയിൽ അറിയിച്ചു.

 

 പത്തനംതിട്ട : ഈലോഹിം ചർച്ചുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തിൽ തെറ്റ് ചെയ്തവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് യൂണൈറ്റഡ് പെന്തകോസ്ത് കൗൺസിൽ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും, കുറ്റക്കാർ ആരായാലും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും കൗൺസിൽ പ്രസ്താവനയിൽ അറിയിച്ചു.

അതേസമയം, സംഭവത്തിന്റെ പേരിൽ അവിടെ ആരാധനയ്ക്കായി എത്തുന്ന നിരപരാധിയായ വിശ്വാസികളുടെ ആരാധന സ്വാതന്ത്ര്യം തടസപ്പെടുത്താനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും കൗൺസിൽ വ്യക്തമാക്കി. ഒരു വ്യക്തിയുടെയോ ചിലരുടെ തെറ്റുകളുടെയോ പേരിൽ മുഴുവൻ വിശ്വാസി സമൂഹത്തിന്റെ അവകാശങ്ങൾ നിഷേധിക്കുന്നത് ശരിയല്ലെന്നും, അത് ഭരണഘടന ഉറപ്പുനൽകുന്ന ആരാധനാവകാശത്തിന്റെ ലംഘനമാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഇതിന്റെ മറവിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾക്ക് വിഷയത്തെ മുതലെടുക്കാനും സമൂഹത്തിൽ വിഭജനവും അസ്വസ്ഥതയും സൃഷ്ടിക്കാനും അവസരം നൽകാനാവില്ലെന്നും കൗൺസിൽ കർശനമായി മുന്നറിയിപ്പ് നൽകി. മതവിഷയങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് സമൂഹ ഐക്യത്തിന് ഭീഷണിയാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
ആരാധനാലയങ്ങളിൽ എത്തുന്ന വിശ്വാസികളെ തടയുകയോ ആരാധന തടസ്സപ്പെടുത്തുകയോ ചെയ്യുന്ന പ്രവണതകൾ അവസാനിപ്പിക്കണമെന്നും ബന്ധപ്പെട്ട അധികാരികൾ ഇടപെട്ട് വിശ്വാസികളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
യൂണൈറ്റഡ് പെന്തകോസ്ത് കൗൺസിൽ ദേശീയ പ്രസിഡന്റ് ബാബു പറയത്തുകാട്ടിലും ജനറൽ സെക്രട്ടറി പാസ്റ്റർ സാബു ജോണും സംയുക്ത പ്രസ്താവനയിലാണ് ഈ ആവശ്യം ഉന്നയിച്ചത്.