ഇന്നും കറന്റ് പോകും ..!  രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ എസ് ഇ ബി അറിയിച്ചു. വൈകുന്നേരം 06:15 PM മുതൽ രാത്രി 12:45 മണി വരെ ഉള്ള സമയത്താണ്  വൈദ്യുതി നിയന്ത്രണം.  എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയർന്നനിലയിൽത്തന്നെ തുടരുകയാണ്.

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ എസ് ഇ ബി അറിയിച്ചു. വൈകുന്നേരം 06:15 PM മുതൽ രാത്രി 12:45 മണി വരെ ഉള്ള സമയത്താണ്  വൈദ്യുതി നിയന്ത്രണം.  എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയർന്നനിലയിൽത്തന്നെ തുടരുകയാണ്. മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തെ ഡിമാൻഡിൽനിന്നു ഏകദേശം 1200 മെഗാവാട്ട് വരെ കൂടിയിട്ടുണ്ട്. സംസ്ഥാനത്തെ ഉയർന്ന വൈദ്യുതി ഉപയോഗം കാരണം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് ഏകദേശം 700 മുതൽ 900 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്.

രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വലിയതോതിൽ വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിൽ കാര്യമായ കുറവ് അനുഭവപ്പെടുകയാണ്. കൂടാതെ ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനിൽക്കുന്നു. 5000 മെഗാവാട്ട് വരെ ഓൾ ഇന്ത്യ ഡിമാൻഡ് കൂടാനും 5000 മെഗാവാട്ട് വരെ വിൻഡ് ജനറേഷൻ കുറയാനും സാധ്യത ഉണ്ട് എന്ന് ഗ്രിഡ് ഇന്ത്യ കഴിഞ്ഞ ദിവസങ്ങളിൽ അറിയിച്ചിട്ടുമുണ്ട്. സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ അപ്രതീക്ഷിത കുറവും അനുഭവപ്പെടുകയാണ്.